ദുബായില്‍നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സര്‍വീസ് വിപുലീകരിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലത്തുമായി സഹകരിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.

55 ദിര്‍ഹമാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക്. തിരിച്ചും വരുന്നുണ്ടെങ്കില്‍ 90 ദിര്‍ഹം നല്‍കണം. രാവിലെ 7.30, ഉച്ചക്ക് 3.30, രാത്രി 11 മണി എന്നിങ്ങനെ ദിവസേന മൂന്ന് സര്‍വീസുകളുണ്ട്. യാത്രികര്‍ക്ക് ദുബായിലെ മൂന്ന് സ്റ്റോപ്പുകളില്‍നിന്ന് കയറാം. അബു ഹൈല്‍ മെട്രോ സ്റ്റേഷന്‍, ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍-രണ്ട്, റഷീദിയ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുള്ളത്.

ഒമാനില്‍ പതിനൊന്ന് ഇടങ്ങളില്‍ ബസ് നിര്‍ത്തും. ഷിനാസ്, സൊഹാര്‍, ബര്‍ക്ക, മസ്‌കറ്റ് എയര്‍പോര്‍ട്ട്, അതിബ ബസ് സ്റ്റേഷന്‍ എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ വൈഫൈ അടക്കമുള്ള സൗകര്യങ്ങളും സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് വാങ്ങേണ്ട സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ അധികം താമസിക്കാതെ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും നോല്‍ കാര്‍ഡ് ഉപയോഗിക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് – മസ്‌കറ്റ് ബസുകള്‍ നേരത്തേ ഉണ്ടായിരുന്നെങ്കിലും മെച്ചപ്പെട്ട സേവനങ്ങളും കൂടുതല്‍ സ്റ്റോപ്പുകളുമായി സര്‍വീസ് വിപുലീകരിക്കുകയാണ് ചെയ്തത്.

Loading...