ദുബായ്: സൗന്ദര്യാത്മക അന്തരീക്ഷം സൃഷ്ടിക്കാൻ ദുബായ് നഗരം ഇനി ഓപ്പൺ മ്യൂസിയമാകും. ഇതിൻറെ ഭാഗമായി ദുബായ് സർക്കാരിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് നഗരത്തിലെ എല്ലാ പാർക്കിങ് മീറ്റർ മെഷീനുകളിലും കലാപരമായ ദൃശ്യങ്ങൾകൊണ്ട് നിറക്കാൻ ശ്രമം തുടങ്ങി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി കൈകോർത്താണ് നഗരത്തിലെ ഓരോ പാർക്കിങ് മെഷീനുകളിലും വ്യത്യസ്തമായ കലാദൃശ്യങ്ങൾകൊണ്ട് ചാരുത പകരുന്നത്. ഇതോടെ പാർക്കിങ് സ്ഥലങ്ങൾക്ക് പുതിയ രൂപവും ഭാവവും കൈവരും. ഇതിനകം ദുബായിലെ പ്രധാന പ്രദേശങ്ങളിലെ പാർക്കിങ് സ്ഥലങ്ങളിലെല്ലാം ക്രിയാത്മകമായ ദൃശ്യങ്ങളുടെ പ്രദർശനം തുടങ്ങിക്കഴിഞ്ഞു.

ജുമൈറ, ദുബായ് മീഡിയ സിറ്റി, അൽ മുസ്തക്ബാൽ സ്ട്രീറ്റ് എന്നിവിടങ്ങളിലെ നൂറോളം പാർക്കിങ് മീറ്ററുകൾ വൈവിധ്യവും സഹിഷ്ണുതയുമുണർത്തുന്ന പ്രമേയങ്ങളിൽ പതിനഞ്ചിലേറെ കലാസൃഷ്ടികൾ കാണാം. റീം അൽ മാരി, ഇസ്സ അൽ നോയിമി, ഷെയ്ക ഫെക്രി എന്നീ ഇമറാത്തി കലാകാരൻമാരും അരി പുഗു, ദിന സമി, റോസന്ന ലാമോ വില്ലനുവേവ എന്നീ ദുബായ് ആസ്ഥാനമായുള്ള പ്രവാസി കലാകാരന്മാരുമാണ് ദൃശ്യങ്ങൾക്ക് മിഴിവ് പകരുന്നത്.

കലയിലൂടെ സാമൂഹികവുമായി പുതിയ ബന്ധം വളർത്തിയെടുക്കാനാണ് ബ്രാൻഡ് ദുബായുടെ ശ്രമങ്ങൾ. ഇത് ദുബായിയെ സർഗാത്മകതയുടെ നഗരമാക്കി മാറ്റും. സവിശേഷമായ സൗന്ദര്യാത്മക അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള #DubaiSpeaksToYou സംരംഭത്തിന്റെ ഭാഗമാണ് പാർക്കിങ് മീറ്റർ പദ്ധതി. പദ്ധതി നഗരവ്യാപകമാവുന്നതോടെ ഒരു ഓപ്പൺ എയർ മ്യൂസിയമായി ദുബായ് മാറും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങൾക്ക് അനുസൃതമായാണ് പദ്ധതി. പാർക്കിങ് സ്ഥലങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന പുതിയ പദ്ധതിക്കായി ബ്രാൻഡ് ദുബായിയുമായി ചേരുന്നതിൽ സന്തോഷമുണ്ടെന്ന് ആർ.ടി.എ. മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ റൗദാ അൽ മെഹ്രിസി പറഞ്ഞു. കലാപരമായ ആശയങ്ങളിലൂന്നി പൊതുജനങ്ങൾക്ക് നഗരവുമായി കൂടുതൽ ഇഴുകിച്ചേരാൻ ഇതിലൂടെ സാധിക്കും. ബ്രാൻഡ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആർ.ടി.എ. അടുത്തിടെ പാർക്കിങ് മെഷീനുകളുടെ നിറം നീലയായി മാറ്റിയിരുന്നു. ലൈസൻസിങ് സേവനങ്ങൾ, സാലിക്, സ്മാർട്ട് ആപ്ലിക്കേഷനുകൾ, വിവിധ ചാനലുകളിലൂടെ വിതരണം ചെയ്യുന്ന മറ്റ് സേവനങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്നതിനായി ചുവപ്പ് നിറമാണ് ഉപയോഗിച്ചുവരുന്നതെന്നും അൽ മെഹ്രിസി കൂട്ടിച്ചേർത്തു.

ദുബായിലെ പൊതു ഇടങ്ങൾ കൂടുതൽ ഊർജസ്വലവും ആകർഷകവുമാക്കുന്ന അതുല്യമായ അനുഭവങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതായി ദുബായ് ബ്രാൻഡ് സിറ്റി ബ്രാൻഡിങ് മാനേജർ ഷൈമ അൽ സുവൈദി പറഞ്ഞു. പുതുമയെ പ്രചോദിപ്പിക്കുന്നതിലും ആളുകളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കുന്നതിലും ഇത്തരം പദ്ധതികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സന്ദർശകരെയും പുതിയ നിക്ഷേപത്തെയും ഇത്തരം പദ്ധതികൾ ആകർഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും വികസിതവും അതിവേഗം വളരുന്നതും സാംസ്‌കാരികമായി വൈവിധ്യപൂർണവുമായ നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റിയെടുക്കുന്നത് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ് ബ്രാൻഡ് ദുബായ് വികസിപ്പിച്ചുവരുന്നത്.

Loading...