ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് ഒരുങ്ങുകയാണ്. മകന്റെ സിനിമയുടെ പ്രമോഷന് മമ്മൂട്ടി മുന്നിലുണ്ടാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

താരരാജകുമാരനായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കര്‍വാന്‍ റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ ദുല്‍ഖറിന്റെ ചിത്രം മമ്മൂട്ടി പ്രമോട്ട് ചെയ്യും എന്നതായിരുന്നു അക്കൂട്ടത്തിലൊന്ന്. ബോളിവുഡിലെ പ്രശസ്ത ട്രെഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ഇതു സംബന്ധിച്ച് ട്വീറ്റും ചെയ്തിരുന്നു. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നു. എന്നായിരുന്നു ട്വീറ്റ്.

Loading...

എന്നാല്‍ പ്രചരണങ്ങള്‍ സത്യമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ട്വീറ്റിലൂടെ തന്നെയാണ് തരണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. തികച്ചും തെറ്റായ വാര്‍ത്ത സാര്‍, എന്റെ അച്ഛന്‍ എന്നെയോ എന്റെ സിനിമയെയോ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും വരില്ല. ആരോ പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്- ദുല്‍ഖര്‍ കുറിച്ചു.

ദുല്‍ഖറിന്റെ ട്വീറ്റ് കണ്ട് തരണ്‍ തന്റെ തെറ്റു തിരുത്തി. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. ഇത് റോണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെറ്റു തിരുത്തിയതില്‍ നന്ദി- തരണ്‍ വീണ്ടും ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് മൂന്നിനാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.


 

 
Loading...