കോട്ടപ്പടിയിൽ പടക്കം പൊട്ടിയതുകേട്ട് ഭയന്നോടിയ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ ചവിട്ടേറ്റു രണ്ടു പേർ മരിച്ചു. തിരക്കിൽപ്പെട്ട് 10 പേർക്ക് പരുക്കേറ്റു. കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണൻ (ബാബു – 66), കോഴിക്കോട് നരിക്കുനി മടവൂർ വെള്ളാരംകണ്ടിയിൽ അറയ്ക്കൽ വീട്ടിൽ മുരുഗൻ (ഗംഗാധരൻ– 60) എന്നിവരാണു മരിച്ചത്. നാരായണൻ സംഭവസ്ഥലത്തും മുരുഗൻ രാത്രി ഏഴരയോടെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവർ കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഖത്തറിൽ അൽസദ് എക്സ്ചേഞ്ച് ജനറൽ മാനേജരാണ് നാരായണൻ. മുരുഗന് ഖത്തറിൽ തന്നെയാണ് ജോലി. ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനു വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എത്തിയതാണു നാരായണൻ. മുരുഗൻ ഇന്നലെ രാവിലെയാണ് എത്തിയത്.

കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനു സൗഹൃദ കമ്മിറ്റിക്കു കൊണ്ടുവന്ന കൊമ്പനെ ഷൈജുവിന്റെ പുതിയ വീട്ടിൽ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നിൽ നിർത്തി. ഇതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പൻ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിച്ചു. ഇടുങ്ങിയ വഴിയിൽനിന്നിരുന്ന ഇരുവരും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യക്കാർക്കാണ് പരുക്കേറ്റത്. ആനപ്പുറത്തുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. ആന റോഡിലേക്കു കടന്നതുകൊണ്ടാണു കൂടുതൽ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഉടനെ ആനയെ പാപ്പാന്മാർ നിയന്ത്രിച്ചു.

നാരായണൻ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കൾ: ഡോ. നീന (കണ്ണൂർ ജില്ലാ ആശുപത്രി), റിനു. മരുമകൻ: ഡോ. വിശാൽ (കണ്ണൂർ ജില്ലാ ആശുപത്രി). സംസ്കാരം ഇന്നു വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തിൽ. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.

അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.

Loading...