വിദ്യാര്‍ഥിനിയായ ഈജിപ്ഷ്യന്‍ യുവതിയെ മര്‍ദിച്ച ശേഷം വില്ലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ 24 വയസ്സുള്ള എമിറാത്തി യുവാവിന് ശിക്ഷ. ജീവപര്യന്തം തടവുശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. യുവതിയെ ശാരീരികമായി ഉപയോഗിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. മാനഭംഗം, ലൈംഗിക പീഡനം, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ടെക്‌നോളജിയെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. 25 വര്‍ഷം തടവാണ് ജീവപര്യന്തം ശിക്ഷയുടെ കാലാവധി. ഈ വര്‍ഷം ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പരാതിക്കാരിയായ വിദ്യാര്‍ഥിനി പറയുന്നത് ഇങ്ങനെ: ‘എന്തോ സംസാരിക്കാനുണ്ടെന്ന് ഫോണില്‍ പറഞ്ഞതുകൊണ്ടാണ് അയാളുടെ സ്ഥലത്തേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ എന്നെ തോളില്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോയി. ബെഡ്‌റൂമില്‍ കൊണ്ടുപോയശേഷം എന്നോട് ഒന്നും സംസാരിക്കാനില്ലെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടതെന്നും പറഞ്ഞു. എന്നാല്‍, ഞാന്‍ അത് നിഷേധിച്ചു. പക്ഷേ, അയാള്‍ മര്‍ദിച്ച ശേഷം നിര്‍ബന്ധപൂര്‍വം ചെയ്തു.’.

യുവതിയുടെ തലയ്ക്ക് മര്‍ദിച്ച് അവശയാക്കിയിരുന്നു. ബോധം വന്നപ്പോള്‍ നഗ്‌നയായി കിടക്കുന്നതാണ് കണ്ടത്. പ്രതി നിരവധി തവണ മര്‍ദിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തുവെന്നും വിദ്യാര്‍ഥിനി മൊഴിയില്‍ പറഞ്ഞു. വില്ലയില്‍ നിന്നും പോകുമ്പോള്‍ മുടി ശരിയാക്കാനും മുഖത്ത് ഭയം വേണ്ടെന്നും പ്രതി പറഞ്ഞുവെന്നും പഴ്‌സ് തിരികെ നല്‍കുകയും ചെയ്തുവെന്നുമാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പ്രതി പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. വില്ലയില്‍ സൂക്ഷിച്ചിരുന്ന 50,000 ദിര്‍ഹം യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ യുവതിയെ മര്‍ദിച്ചുവെന്നാണ് പ്രതി പറയുന്നത്. ഇയാളുടെ രണ്ടു സുഹൃത്തുക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈദ്യപരിശോധനയില്‍ കാര്യങ്ങള്‍ വ്യക്തമായി. പ്രതിയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. കൂടാതെ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സംഭവത്തിന്റെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു.

Loading...