ഒന്ന് വീഴാന്‍ പോയാല്‍ അയ്യോ എന്ന് അറിയാതെ നമ്മള്‍ വിളിച്ചു പോകാറുണ്ട് .അത് ഒരു തെറ്റാണോ ? അല്ല എന്ന് പറയാന്‍ വരട്ടെ .ഒന്ന്  വീഴാന്‍ പോയപ്പോള്‍ അയ്യോ എന്ന് പറഞ്ഞു പോയതിനു ഇടപ്പള്ളി കാംപിയന്‍ സിബിഎസ്ഇ സ്‌കൂളിളെ അഞ്ചാം ക്ലാസ്സുകാരി ദേവ സൂര്യ എന്ന വിദ്യാര്‍ത്ഥിക്ക് പക്ഷെ കിട്ടിയത് ‘ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല’ എന്ന് ഇംഗ്ലീഷില്‍ അമ്പത് തവണ ഇംപോസിഷന്‍.

നിലത്ത് വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതാണ് വിദ്യാര്‍ത്ഥി ചെയ്തുവെന്ന് പറയുന്ന കുറ്റം.ക്ലാസില്‍ കളിച്ച് കൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയപ്പോള്‍ അറിയാതെ ‘ അയ്യോ ‘ എന്ന് പറഞ്ഞ് പോയതാണ് പ്രശ്‌നകാരണമായത്. ഇത് കേട്ട മറ്റൊരു വിദ്യാര്‍ഥി കാര്യം ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ കൊണ്ട് I will not talk in Malayalam എന്ന് അമ്പത് പ്രാവശ്യം എഴുതിക്കുകയായിരുന്നു.

മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും സ്‌കൂളില്‍ പതിവാണെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നു. ഭരണ ഭാഷ പോലും മലയാളമാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്നുകളില്‍ നിന്നുവരെ ഭാഷയെ അകറ്റി നിര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ സ്‌കൂളുകളില്‍ പോലുമുണ്ടാവുന്നത്.

എന്നാല്‍ ശിക്ഷയെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രധാന അധ്യാപികയുടെ പ്രതികരണം. ഒരു ശിക്ഷയും പാടില്ലെന്ന് അധ്യാപികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. സംഭവം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ശിക്ഷാനടപടി സത്യമാണെങ്കില്‍ ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.

Loading...