യാത്ര പോകാനിഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്, അതും കുറഞ്ഞ ചെലവിലാണെങ്കിലോ? അതിശയിപ്പിക്കുന്നതും മനോഹരവുമായ നിരവധി കാഴ്ചകളാണ് യൂറോപ്പ് നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. മോഹിപ്പിക്കുന്ന ഈ കാഴ്ച്ചകളിലേക്കെല്ലാം കുറഞ്ഞ ചെലവില്‍ എത്തിച്ചേരാന്‍ യാത്രക്കാരെ സഹായിക്കുന്ന ഒന്നാണ് യൂറെയില്‍ പാസ്. ഈ പാസുപയോഗിച്ച് ഏതു ട്രെയിനിലും ഏതു സമയത്തു വേണമെങ്കിലും യാത്ര ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ട്രാവല്‍ പ്ലാനുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താം. മാത്രമല്ല ട്രെയിന്‍ മിസ്സായാലും പേടിക്കണ്ട, അടുത്ത ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്യാം.

യൂറെയിലിനെ കുറിച്ച് കൂടുതല്‍

വളരെ കുറഞ്ഞ ചെലവില്‍ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലൂടെയും സഞ്ചരിക്കാന്‍ യൂറെയില്‍ പാസ് യാത്രക്കാരെ സഹായിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലൂടെയെല്ലാം സഞ്ചരിക്കാന്‍ ഒരൊറ്റ പാസ് എന്ന ആശയത്തില്‍ നിന്നാണ് യൂറെയില്‍ രൂപം കൊണ്ടത്. ഈ പാസുപയോഗിച്ച് യൂറോപ്പിലെ 24 രാജ്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. മാത്രമല്ല നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള പാസുകള്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മനോഹരമായ ചെറിയ ചെറിയ ഗ്രാമങ്ങളിലേക്കും നഗരത്തിന്റെ ഹൃദയഭാഗത്തേക്കും ട്രെയിനുകള്‍ യാത്രക്കാരെ എത്തിക്കും.

ഏതൊക്കെ രാജ്യങ്ങളില്‍ യൂറെയില്‍ പാസ് ഉപയോഗിക്കാം?

നേരത്തെ സൂചിപ്പിച്ചതു പോലെ 24 യൂറോപ്യന്‍ രാജ്യങ്ങളിലാണ് യൂറെയില്‍ പാസുപയോഗിച്ച് യാത്ര ചെയ്യാവുന്നത്. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്ക്, ക്രോയേഷ്യ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഹംഗറി, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ടര്‍ക്കി തുടങ്ങിയവയാണ് ഈ രാജ്യങ്ങള്‍.

അതെസമയം പോളണ്ട്, സെര്‍ബിയ, മോണ്ടമെഗ്രോ തുടങ്ങിയ രാജ്യങ്ങളില്‍ ഈ പാസ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന കാര്യം ശ്രദ്ധിക്കണം.

യൂറെയില്‍ പാസ് എടുക്കുന്നതെങ്ങനെ?

നിങ്ങളുടെ യാത്രയെ കുറിച്ച് ഏകദേശ ധാരണയായാല്‍ അടുത്ത പടി യൂറെയില്‍ പാസ് ബുക്ക് ചെയ്യുകയെന്നുള്ളതാണ്. യൂറോപ്യന്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ നിന്ന് യൂറെയില്‍ പാസ് വാങ്ങാവുന്നതാണ് എന്നാല്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. ചെലവ് കുറവായിരിക്കുമെന്ന് മാത്രവുമല്ല, യൂറോപ്പിലെത്തുന്നതിന് മുമ്പ് തന്നെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും eurail.com ലൂടെ പാസ് ബുക്ക് ചെയ്യുകയും ചെയ്യാം.

നിങ്ങള്‍ യാത്ര ചെയ്യുന്നതിന് 11 മാസം മുമ്പ് മുതല്‍ തന്നെ യൂറെയില്‍ ബുക്ക് ചെയ്യാവുന്നതാണ്. പക്ഷെ 11 മാസത്തിനുള്ളില്‍ ഇത് ആക്ടിവേറ്റ് ചെയ്തിരിക്കണം. യൂറോപ്പിലെത്തിയാല്‍ ഏത് ട്രെയിന്‍ സേറ്റേഷനുകളില്‍ നിന്നു വേണമെങ്കിലും ഇത് ആക്ടിവേറ്റ് ചെയ്യാം.

നിങ്ങള്‍ എത്രനാള്‍ യൂറോപ്പില്‍ തങ്ങുന്നുണ്ട്, എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്, 1st ക്ലാസിലാണോ 2nd ക്ലാസിലാണോ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു വേണം പാസ് ബുക്ക് ചേയ്യാന്‍.

പാസ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍, നിങ്ങള്‍ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ കുറിച്ചും അവിടേക്കുള്ള ട്രെയിനുകളെ കുറിച്ചും മനസിലാക്കുന്നത് നന്നായിരിക്കും. കാരണം ചില ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആവശ്യപ്പെടാറുണ്ട്. പക്ഷെ ഭൂരിഭാഗം ട്രെയിനുകളിലും ഇതിന്റെ ആവശ്യമില്ല. ചില നൈറ്റ് ട്രെയിനുകള്‍, ഹൈ സ്പീഡ് ട്രെയിനുകള്‍ തുടങ്ങി വളരെ കുറച്ച് ട്രെയിനുകളില്‍ മാത്രമാണ് റിസര്‍വേഷന്‍ ആവശ്യം. ചിലതിന് റിസര്‍വേഷന്‍ ഫീസും ആവശ്യമായേക്കാം.

കൂടുതല്‍ നേട്ടങ്ങള്‍

ചെലവ് കുറച്ച് യാത്ര ചെയ്യം എന്നത് മാത്രമല്ല യൂറെയില്‍ പാസ് ഉപയോഗിക്കുന്നതു കൊണ്ട് വേറെയുമുണ്ട് നേട്ടങ്ങള്‍. ഹോട്ടലില്‍ ഇളവുകള്‍, വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന നിരക്കില്‍ ഇളവുകള്‍, ഫെറികളിലെ സൗജന്യ യാത്രകള്‍ തുടങ്ങിയവയും ഇതിലുള്‍പ്പെടും.

By: Webdesk, MalayalamNewspress

Loading...