കേരളത്തെ തന്നെ പിടിച്ചുലച്ചാണ് മഹാപ്രളയം കടന്നുവന്നത്. തുടര്‍ന്നുണ്ടായ വന്‍ദുരിതത്തില്‍ നിന്നെല്ലാം നാം കരകയറി വരുന്നതേയുള്ളൂ. ലക്ഷക്കണക്കിന് വാഹനങ്ങളാണ് വെള്ളത്തിനടിയിലായത്. വെള്ളത്തിലകപ്പെട്ട വാഹനങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയാലും വാഹനം നന്നാക്കിയെടുക്കാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. അതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ടയറിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയാണ് വാഹനത്തിന്റെ കിടപ്പെങ്കില്‍, എന്‍ജിനെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാം. എന്‍ജിന്‍ ഓയില്‍ ഡിപ്സ്റ്റിക് ഊരിയെടുത്ത് അതില്‍ ജലാംശമുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. എയര്‍ ഫില്‍റ്ററിന്റെ പരിസരത്തും വെള്ളമുണ്ടെങ്കില്‍, എന്‍ജിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം.വാഹനം വെള്ളത്തില്‍ നിന്നുപോയാലോ, അകപ്പെട്ടാലോ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ എന്‍ജിനിലേക്ക് വായു വലിച്ചെടുക്കുന്ന ഇന്‍ടേക്ക് സംവിധാനം വഴി വെള്ളം കയറുകയും എന്‍ജിന്‍ തകരാറിലാകുകയും ചെയ്യും. ആദ്യം ചെയ്യേണ്ടത് വാഹനം തള്ളി വെള്ളമില്ലാത്ത ഇടത്തേക്കു മാറ്റുകയാണ്. എത്രയും വേഗം സര്‍വീസ് സെന്ററില്‍ വിവരം അറിയിക്കുക.

ഓരോ കമ്പനിയുടെയും എന്‍ജിന്‍ ഡിസൈന്‍ അനുസരിച്ച് ഇന്‍ടേക്ക് സംവിധാനം വ്യത്യസ്ത ഉയരത്തിലായിരിക്കും. അതിനാല്‍, വെള്ളത്തില്‍ മുങ്ങിയ മറ്റൊരു വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും അതിനു തൊട്ടുപിന്നില്‍ പോകുന്ന നിങ്ങളുടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറാം.വെള്ളത്തിലൂടെ വാഹനം ഇനി മുന്നോട്ടുപോകില്ലെന്ന് ഉറപ്പാവുകയും വാഹനം ഓണ്‍ ആയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും ആദ്യം എന്‍ജിന്‍ ഓഫ് ആക്കുക. എന്നാല്‍, വാഹനം തള്ളി മറ്റൊരിടത്തേക്കു നീക്കിനിര്‍ത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. വര്‍ക്ഷോപ്പില്‍ എത്തിച്ച് സ്പാര്‍ക്ക് പ്ലഗും എയര്‍ ഫില്‍റ്ററും പരിശോധിച്ച് എന്‍ജിന്‍ തകരാര്‍ (ഹൈഡ്രോ സ്റ്റാറ്റിക് എന്‍ജിന്‍ ലോക്ക്) ഇല്ലെന്ന് ഉറപ്പാക്കണം.

വെള്ളത്തില്‍ കിടന്ന വാഹനത്തിന്റെ എന്‍ജിന് ഒപ്പം വെള്ളം കയറിയിട്ടില്ലെന്നു തോന്നിയാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. എന്തെങ്കിലും കാരണവശാല്‍ എന്‍ജിന്‍ ഓണ്‍ ആയാല്‍ തന്നെ, വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ആക്സിലറേറ്റര്‍ ചവിട്ടുമ്പോള്‍ എന്‍ജിന്‍ പൊട്ടിത്തെറിക്കാന്‍വരെ സാധ്യതയുണ്ട്. സര്‍വീസ് സെന്ററില്‍ എത്തിച്ച് സ്പാര്‍ക്ക് പ്ലഗ് അഴിച്ച് എന്‍ജിന്‍ കറങ്ങുന്നുണ്ടോ എന്നു പരിശോധിക്കുക. എയര്‍ ഫില്‍റ്റര്‍, ഇന്‍ടേക്ക് മെനു ഫോള്‍ഡ് എന്നിവ പരിശോധിച്ച് ആവശ്യമെങ്കില്‍ എന്‍ജിന്‍ ഓയില്‍ മാറ്റി മാത്രം, വാഹനം വീണ്ടും ഉപയോഗിക്കുക.ശ്രദ്ധിക്കുക, വെള്ളം കയറിയ എന്‍ജിന്‍ ഓണ്‍ ആക്കാന്‍ ശ്രമിച്ച് കാര്‍ തകരാറിലായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാല്‍ തന്നെ, നിങ്ങള്‍ എന്‍ജിന്‍ ഓണ്‍ ആക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയില്‍ അവര്‍ക്ക് അറിയാനും സാധിക്കും.

വാഹനം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ‘പാക്കേജ് പോളിസി’ അഥവാ ‘ഫുള്‍ കവര്‍’ ഇന്‍ഷുറന്‍സ് ആയിരിക്കണം. വാഹനം വെള്ളം കയറി കേടുവരിക, വാഹനത്തിന്മേല്‍ വീട്, മരങ്ങള്‍ തുടങ്ങിയവ വീണു നാശനഷ്ടങ്ങള്‍ സംഭവിക്കുക, വാഹനങ്ങള്‍ ഒഴുകിപ്പോകുക എന്നീ സാഹചര്യങ്ങള്‍ പ്രളയത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിയുന്നതും വാഹനത്തിനു നാശനഷ്ടം സംഭവിച്ചതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തുവയ്ക്കുന്നതു നന്നായിരിക്കും. നഷ്ടം ക്ലെയിം ചെയ്യാനായി ഇന്‍ഷുറന്‍സ് കമ്പനിയെ രേഖാമൂലം അറിയിക്കണം. അഥവാ, പോളിസി നഷ്ടപ്പെട്ട അവസ്ഥയാണെങ്കില്‍ പേരും വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്പറും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ ബാക്കി കാര്യങ്ങള്‍ കണ്ടെത്താനാകും.

Loading...