സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ദുബായി ഫൈസി എന്നറിയപ്പെടുന്ന ഫൈസൽ ഫരീദ് കാറോട്ട മത്സരങ്ങളിൽ കമ്പമുള്ള വ്യക്തിയാണ് . യുവ ബിസിനസുകാരനായ ഇയാൾക്ക് ആഡംബരക്കാറുകൾ എന്നും ഒരു ഹരമായിരുന്നു . വമ്പൻ ജിമ്മിന് ഉടമ , സിനിമാക്കാരുമായി അടുത്ത ബന്ധം എന്നിങ്ങനെ പോകുന്നു ഇയാളെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ .
.
തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദ് വളർന്നത് ഗൾഫിലായിരുന്നു . ഇദ്ദേഹത്തിന്റെ (36) പിതാവ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യിലായിരുന്നു ജോലി. . അറബിക് നന്നായി കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ ഫൈസലിന് സ്വദേശികളുമായി ഏറെ അടുപ്പമുണ്ടായിരുന്നു . എന്നാൽ നാടുമായി കാര്യമായ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല .

കാർ പ്രേമിയായിരുന്നുവെങ്കിലും നാട്ടിൽ വിലകൂടിയ കാറുകൾ വാങ്ങിയിടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ നാട്ടിൽ നിന്നു ഗൾഫിലെത്തുന്ന ബന്ധുക്കൾക്കു വമ്പൻ കാറുകളിൽ യാത്ര ഒരുക്കിക്കൊടുത്തിരുന്നു.സമ്പന്നർ താമസിക്കുന്ന റാഷിദിയയിൽ വില്ലയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത് .

ഫൈസലിന്റെ വിസ പ്രോസോൺ ഓയിൽ ഫീൽഡ് ആൻഡ് നാച്വറൽ ഗ്യാസ് എന്ന സ്ഥാപനത്തിൻറെ പേരിലായിരുന്നു . ഇവിടെ ഇയാൾക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. സൗദിയിലും പാർട്ണർഷിപ്പിൽ കമ്പനിയുണ്ടായിരുന്നു. എന്നാൽ എണ്ണവില ഇടിഞ്ഞതോടെ എല്ലാം പ്രതിസന്ധിയിലാവുകയായിരുന്നു .

മൊബൈൽ ഫോൺ മൊത്ത വിതരണ കമ്പനിയിൽ 7 വർഷം മുൻപു വരെ സെയിൽസ്മാൻ ആയിരുന്നു. കുറെക്കാലം ചില കമ്പനികളുടെ പിആർഒ ആയും ജോലി ചെയ്തു. അതിനിടെ, കഴിഞ്ഞ വർഷം ഖിസൈസിൽ കാർ വർക്‌ഷോപ് തുടങ്ങി.

സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേർന്ന് ദുബായ് കരാമയിൽ ഫൈസൽ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനലിൽ റിക്കവറി സെക്‌ഷനിൽ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന. 4 മലയാള സിനിമകളിൽ ഫൈസൽ പണം മുടക്കിയതായി അറിയുന്നു. തെലുങ്ക് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തു. എന്നാൽ, ഒന്നിലും പേരു വച്ചിട്ടില്ല.

സാമ്പത്തിക മാന്ദ്യത്തോടെ ഫൈസലിന്റെ എല്ലാ ബിസിനസുകൾക്കും തിരിച്ചടി നേരിട്ടെന്ന് അടുപ്പക്കാർ പറയുന്നു. എന്നാൽ ഇതിനിടയിലാണ് കുറച്ച് പേരുമായി ചേർന്ന് കഴിഞ്ഞ വർഷം ആഡംബര ജിം തുടങ്ങി. സിനിമ രംഗത്തുള്ളവരുമായുള്ള അടുപ്പം കാരണമാണു വൻ തുക ചെലവിട്ട് ബോളിവുഡ് നടൻ അർജുൻ കപൂറിനെ ഉദ്ഘാടനത്തിന് കൊണ്ടുവന്നത്.

ഇപ്പോഴും ഫൈസലിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണു സൂചന. കാർ വർക് ഷോപ്പിന് 2.60 ലക്ഷം രൂപ വാടക കുടിശികയുണ്ട്. ജോലിക്കാരിൽ ചിലർക്ക് 3 മാസമായി മുഴുവൻ ശമ്പളം നൽകിയിട്ടില്ല. വാടക കുടിശികയുമായി ബന്ധപ്പെട്ട് 4 ചെക്ക് കേസുകളുമുണ്ട്.

കേരളത്തിൽ ഇതുവരെ റജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസുകളിൽ വിദേശത്തു നിന്നു സ്വർണം കയറ്റിവിട്ടതായി സംശയിക്കുന്ന പ്രതിയെ കസ്റ്റംസിനു കിട്ടുന്നത് ഇതാദ്യമാണ്. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി ദേശീയ അന്വേഷണ ഏജൻസി ഫൈസൽ ഫരീദിനെതിരെ പുതിയൊരു കേസ് കൂടി റജിസ്റ്റർ ചെയ്ത അപൂർവ സാഹചര്യമാണു കസ്റ്റംസ് കേസിനെ കൂടുതൽ ശക്തമാക്കിയത്.

കസ്റ്റംസ് നിയമത്തിലെ വകുപ്പ് 135 പ്രകാരം പ്രതികൾക്കു ലഭിക്കാവുന്ന പരമാവധി ശിക്ഷ 7 വർഷമാണ്. എന്നാൽ ഈ കേസിൽ കള്ളക്കടത്തു തടയൽ നിയമം (കൊഫെപോസ) ചുമത്തി വിചാരണയ്ക്കു മുൻപു തന്നെ 1 വർഷം ജയിലിലടയ്ക്കാം. ഇത് എൻഐഎ അന്വേഷിക്കുന്ന യുഎപിഎ കേസിനും ഗുണകരമാണ്.

യുഎപിഎ നിയമപ്രകാരം 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കും. എന്നാൽ കൊഫെപോസ പ്രകാരം പ്രതികൾ 365 ദിവസം ജയിലിൽ കിടക്കുമ്പോൾ എൻഐഎക്കു കൂടുതൽ അന്വേഷണത്തിന് അവസരം ലഭിക്കും. കസ്റ്റംസ് നിയമപ്രകാരം പിടിക്കപ്പെടുമ്പോൾ സ്വർണം കൈവശം വയ്ക്കുന്നവർ മാത്രമാണു സാധാരണ കേസിൽ പെടാറുള്ളത്.

നയതന്ത്ര പാഴ്സലിൽ സ്വർണം അയയ്ക്കാനായി യുഎഇ കോൺസുലേറ്റിൽ നിന്നുള്ളതെന്ന മട്ടിൽ െഫെസൽ ഫരീദ് നൽകിയ രേഖകൾ വ്യാജമെന്നു സംശയം. കോൺസുലേറ്റിന്റെ സീലോ ഒപ്പോ ഉണ്ടായിരുന്നില്ലെന്നാണു കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച സരിത്തിന്റെ വീട്ടിൽ കണ്ടെത്തിയ ബാഗിൽ നിന്നു കോൺസുലേറ്റിന്റെ വ്യാജമുദ്രകൾ കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് പാഴ്സലുകൾ വന്ന എമിറേറ്റ്സ് വിമാനത്തിന്റെ ജീവനക്കാരെയും യുഎഇ കോൺസുലേറ്റ് ജീവനക്കാരെയും അടുത്ത ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യും. ഇന്ന് സ്വപ്ന, സന്ദീപ് എന്നിവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തും. കേസിൽ ഇതിനകം പിടിയിലായ പ്രതികളുടെ വീടുകളിലും ഫ്ലാറ്റുകളിലും ഇന്നലെ പരിശോധന നടത്തി.

Loading...