വീടു കേന്ദ്രീകരിച്ചു കള്ളനോട്ടുണ്ടാക്കുന്നതിനിടെ 3 പേര്‍ പൊലീസ് പിടിയില്‍. എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട് (43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (മുത്തു-45), നല്ലളം താനില വൈശാഖ് (24) എന്നിവരെയാണു സിഐ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മാണം.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിര്‍മിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. മാനിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ കേസില്‍ നേരത്തേ രാജേഷ് വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു രാജേഷ് കള്ളനോട്ട് കേസില്‍ മലപ്പുറത്തു നിന്നു പിടിയിലായ പ്രതി വില്‍ബര്‍ട്ടും ബോംബേറ് കേസിലെ പ്രതി വൈശാഖുമായി പരിചയത്തിലാകുന്നത്.

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മൂവരും കള്ളനോട്ട് നിര്‍മിക്കാന്‍ പദ്ധതിയിട്ട് ഒരുമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവര്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ട് നിര്‍മാണത്തിന്റെ ബുദ്ധികേന്ദ്രം വില്‍ബര്‍ട്ടായിരുന്നു. ഇയാളാണു പ്രിന്റിങ് മെഷീന്‍, വിവിധ തരം മഷികള്‍, നോട്ടിന്റെ വലുപ്പമുള്ള കടലാസുകള്‍ എന്നിവ സംഘടിപ്പിച്ചത്.

രഹസ്യ വിവരം ലഭിച്ച പൊലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ട് നിര്‍മിക്കാനുള്ള സംവിധാനങ്ങള്‍. 2 നില വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലായിരുന്നു കള്ളനോട്ട് നിര്‍മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയത്. മുറി നിറയെ കള്ളനോട്ട് നിര്‍മാണത്തിനു വേണ്ട സാമഗ്രികളായിരുന്നു. കള്ളനോട്ട് പ്രിന്റ് എടുക്കുന്ന രീതി വില്‍ബര്‍ട്ട് പൊലീസിനു കാണിച്ചുകൊടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സിഐ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്കെത്തിയത്.

മാനിറച്ചി കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ രാജേഷിന്റെ വീട്ടില്‍ അപരിചിതരായ ചിലര്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം ഇവിടെ നിരീക്ഷണം നടത്തി വരികയായിരുന്നു. മുന്‍പ് കള്ളനോട്ട് കേസുകളില്‍ പ്രതിയായ വില്‍ബര്‍ട്ടിനെയും കുറ്റ്യാടി ബോംബേറ് കേസില്‍ പ്രതിയായ നല്ലളം സ്വദേശി വൈശാഖിനെയും പൊലീസിന് തിരിച്ചറിയാനായത് നിര്‍ണായകമായി. സാങ്കേതിക വൈദഗ്ധ്യം അമ്പരിപ്പിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത രാസ സംയുക്തങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്ക് അയക്കും.

Loading...