ഫിക്‌സഡ് ഡെപ്പോസിറ്റുകൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിൽ ഒന്നാണ്. എന്നാൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ നേട്ടം ഉറപ്പുവരുത്താനായി ശ്രദ്ധാപൂർവം നിക്ഷേപം നടത്തണം. അതിനായി പണം നിക്ഷേപിക്കുമ്പോൾ താഴെക്കാണുന്ന അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഫിക്‌സഡ് ഡെപ്പോസിറ്റിൽ പണം നിക്ഷേപിക്കാൻ തീരുമാനിച്ചാൽ പലരും നിലവിൽ അക്കൗണ്ടുള്ള ബാങ്കിൽ എഫ് ഡി അക്കൗണ്ട് തുറക്കുകയാണ് പതിവ്. എന്നാൽ വിവിധ ബാങ്കുകളിലെയും ഹൗസിംഗ് ഫിനാൻസ് കമ്പനികളിലെയും പലിശ നിരക്കുകൾ താരതമ്യം ചെയ്ത് ഉയർന്ന പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ഉറപ്പുവരുത്താം. പിഎൻബി ഹൗസിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റുകൾക്ക് 8.45 ശതമാനം പലിശയാണ് നൽകുന്നത്.

ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകൾ ലഭ്യമാണ്. അതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കുക. ചുരുങ്ങിയ നാളുകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ നിശ്ചിത തുക ആവശ്യമാണെങ്കിൽ അതനുസരിച്ചുള്ള കാലാവധിയിൽ അവ നിക്ഷേപിക്കുക.

കാലാവധി തീരുന്നതിനു മുമ്പ് ഫിക്‌സഡ് ഡെപ്പോസിറ്റ് ക്ലോസ് ചെയ്താൽ തുകയുടെ നിശ്ചിത ശതമാനം പിഴയായി ബാങ്കിന് നൽകേണ്ടി വരും. അതിനാൽ കാലാവധി പൂർത്തിയായതിനു ശേഷം തുക പിൻവലിക്കുവാൻ ശ്രദ്ധിക്കുക.

ഉയർന്ന തുക നിക്ഷേപിക്കാനുണ്ടെങ്കിൽ ഒന്നിച്ച് നിക്ഷേപിക്കാതെ പല എഫ് ഡികളിലായി നിക്ഷേപിക്കുക. ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടു വേണം എഫ് ഡിയിൽ പണം നിക്ഷേപിക്കുവാൻ. അതനുസരിച്ച് വിവിധ കാലയളവുകളിൽ കാലാവധി പൂർത്തിയാകുന്ന വിധത്തിൽ അവയുടെ കാലാവധി തെരഞ്ഞെടുക്കാം. നേരത്തെ പിൻവലിക്കേണ്ടി വന്നാൽ തന്നെ പിഴയായി അധികം തുക നൽകേണ്ടി വരില്ല.

ഫിക്‌സഡ് ഡെപ്പോസിറ്റിൽ പണം നിക്ഷേപിക്കുമ്പോൾ പലിശ ലഭിക്കും, നിക്ഷേപം വളരും. എങ്കിലും അത്യാവശ്യം വന്നാൽ ഉപയോഗിക്കാനായുള്ള പണം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ കരുതിയിരിക്കണം. ബാക്കിയുള്ള തുകയേ എഫ് ഡിയിൽ നിക്ഷേപിക്കാവൂ. അല്ലെങ്കിൽ കാലവാധി തീരുന്നതിനു മുമ്പേ എഫ് ഡി പിൻവലിക്കേണ്ടി വരികയോ അതിൽ നിന്ന് ലോൺ എടുക്കേണ്ടി വരികയോ ചെയ്യും. അത് രണ്ടും നിങ്ങളുടെ ലാഭത്തിൽ കുറവ് വരുത്തും.

Loading...