ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും വിവിപാറ്റ് എണ്ണുന്നതിനും കൂടുതൽ ആവശ്യങ്ങളുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. 5 പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ മെഷീനിലെ വോട്ടുകളുമായി ഒത്തുചേര്‍ന്നില്ലെങ്കില്‍ നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാണ് ആവശ്യം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ പരിഗണിക്കും.

എക്സിറ്റ് പോൾ ഫലത്തിൽ ആശങ്കയിലായ പ്രതിപക്ഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒന്നിച്ചു. ബി ജെ പി വിരുദ്ധ സർക്കാർ രൂപികരിക്കാൻ പ്രതിപക്ഷ നിരയിൽ ഐക്യത്തിന്ന് ശ്രമിക്കുന്ന ചന്ദ്രബാബു നായിഡുവിന്റ നേത്യത്വത്തിൽ 22 പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്ന ശേഷമാണ് മൂന്ന് ആവശ്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയത്. സുപ്രീംകോടതി നിർദേശിച്ചത് പ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് ഒത്തു നോക്കുന്ന നടപടി ആദ്യം പൂർത്തിയാക്കണം. അതിന് ശേഷമേ മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾ തുടങ്ങാവൂ. വോട്ടുകളും വിവിപാറ്റും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റും എണ്ണണം.

പോൾ ചെയ്ത വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ എന്തു ചെയ്യുമെന്ന് വ്യക്തത വരുത്തണം. ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യങ്ങൾ നാളെ ചേരുന്ന കമ്മിഷൻ യോഗം പരിശോധിക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സി.പി.എം ജനറൽ സെക്രട്ടറിസീതാറാം യച്ചൂരി, മുതിർന്ന കോണ്ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് അഹമ്മദ് പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമമെന്ന റിപ്പോർട്ടുകളിൽ ആശങ്കയറിയിച്ചു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്തെത്തി. കമ്മീഷന് മേൽ സമ്മര്‍ദ്ദം യാണ് പ്രണബ് മുഖർജി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും കമ്മിഷൻ സംശയങ്ങൾ ദുരീകരിക്കണമെന്നും പ്രണബ് ആവശ്യപ്പെട്ടു.

Loading...