കൊച്ചി : എച്ച് ടു ഒ ഫ്ലാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകർത്തതിനു പിന്നാലെ മരടിൽ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്ഫോടനം. രാവിലെ 11 മണിക്ക് ജെയിൻ കോറൽകോവ് ഫ്ലാറ്റും  ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോൾഡൻ കായലോരം ഫ്ലാറ്റും സ്ഫോടനത്തിൽ തകർക്കും. രണ്ടാം ദിവസത്തെ ഫ്ലാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി അധികൃതർ.

എഡിഫസ് എന്‍ജിനീയറിങ് കമ്പനിയാണ് 17 നിലകൾ വീതമുള്ള ഇരു ഫ്ലാറ്റുകളും പൊളിക്കുന്നത്. 122 അപ്പാർട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റ്. ഗോൾഡൻ കായലോരത്ത് 40 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. അനധികൃതമായി കെട്ടിപ്പൊക്കിയ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളിലെ മൂന്നു നിർമിതികളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ശനിയാഴ്ച പൊളിച്ചു വീഴ്ത്തിയത്. നിശ്ചയിച്ചതിൽ നിന്നു കുറച്ചു നിമിഷങ്ങൾ വൈകിയെങ്കിലും വിജയകരമായി ദൗത്യം പൂർത്തിയാക്കി. അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയിൽ അധികൃതർ കൂടുതൽ ആത്മവിശ്വാസത്തിലായിരിക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ…

∙ ജയിൻ കോറൽ കോവ്

10.30 – 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും ‌അടക്കുന്നു.

10.55 – സ്ഫോടനത്തിന്റെ ആദ്യ മുന്നറിയിപ്പ്.

11.00 – സ്ഫോടനം

11.30 – എല്ലാ റോഡുകളും തുറക്കുന്നു.

11.30 – ഒഴിപ്പിച്ച ഒഴിപ്പിച്ച വീട്ടുകാർ വീടുകളിലേക്കു മടങ്ങാം.

∙ ഗോൾഡൻ കായലോരം

01.30 – 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും ‌അടക്കുന്നു.

01.55 – ദേശീയപാത അടയ്ക്കുന്നു. 02.00 – സ്ഫോടനം

02.05 – ദേശീയപാത തുറക്കുന്നു.

02. 30 – എല്ലാ റോഡുകളും തുറക്കുന്നു. ഒഴിപ്പിക്കപ്പെട്ടവർക്കു വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.

Loading...