കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായാണു പ്രവര്‍ത്തിച്ചതെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷകക്ഷികളുടെയും വിമര്‍ശനം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏറെ കൃത്യതയോടെയാണ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കുറി 67.3 ശതമാനം പേര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി. മൂന്നില്‍ രണ്ടിനു മുകളിലാണിത്. വര്‍ഷങ്ങള്‍ക്കു ശേഷം താനും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാ ബാധ്യത മറന്ന് പ്രധാനമന്ത്രിക്കും ബിജെപിക്കും അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയതിനു തൊട്ടു പിറ്റേന്നാണ് മുന്‍ രാഷ്ട്രപതി കമ്മിഷനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

”മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെല്ലാം അവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചു. അവരെ വിമര്‍ശിക്കാന്‍ കഴിയില്ല. ഇത്തരം സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണമെങ്കില്‍ അവര്‍ മികച്ച രീതിയില്‍ നടത്തുന്ന രാജ്യസേവനം കണക്കിലെടുക്കണം. ജനാധിപത്യം ശക്തിപ്പെട്ടിട്ടുണ്ടെങ്കില്‍ സുകുമാര്‍ സെന്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ്.” – പ്രണബ് മുഖര്‍ജി പറഞ്ഞു.

Loading...