സമൂഹമാധ്യമങ്ങള്‍ വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപയും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് പൊലീസിന്റെ പിടിയില്‍. അങ്കമാലി സ്വദേശി പ്രതീഷ് എന്ന മൂട്ട പ്രതീഷാ(25)ണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ആമ്പല്ലൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി യുവതികളെ തട്ടിപ്പിനിരയാക്കിയ ഇയാള്‍ക്കെതിരെ മറ്റു പരാതികളുമുണ്ട്.

ആമ്പല്ലൂര്‍ സ്വദേശിനിയായ യുവതി സൗദി അറേബ്യയില്‍ ആരോഗ്യ വകുപ്പിനു കീഴിലെ നഴ്‌സാണ്. ഇവരുടെ വിവാഹ പരസ്യം കണ്ട പ്രതീഷ് യുവതിയുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. താന്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളാണെന്നും സിഡ്‌നിയില്‍ ജോലി ചെയ്യുകയാണെന്നും യുവതിയെ ധരിപ്പിച്ചു. മാത്രമല്ല പിതാവ് നാസയിലെ ഉദ്യോഗസ്ഥനാണെന്നും, രണ്ട് സഹോദരിമാര്‍ കനേഡിയന്‍ പൗരത്വമുള്ളവരാണെന്നും, മാതാവ് മാത്രമാണ് കേരളത്തിലുള്ളതെന്നും യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി തന്റെ ഫെയ്‌സ്ബുക്ക് അടക്കമുള്ളവയുടെ വിവരങ്ങള്‍ യുവാവുമായി പങ്കുവെച്ചു.

സമൂഹമാധ്യമങ്ങളില്‍ നിന്നും എടുത്ത മറ്റുള്ളവരുടെ ഫോട്ടോകളായിരുന്ന പ്രതീഷ് തന്റേതാണെന്നും പിതാവിന്റേതാണെന്നുമൊക്കെ പറഞ്ഞ് യുവതിക്ക് നല്‍കിയത്. തുടര്‍ന്ന് യുവതി ഇയാളുടെ നമ്പര്‍ പിതാവിന് നല്‍കുകയായിരുന്നു. പിതാവ് പ്രതീഷിനെ വിളിച്ചപ്പോളും മാന്യമായ ഭാഷയില്‍ സംസാരിച്ച് പിതാവിനെയും കയ്യിലെടുത്തു. സൗഹൃദം ദൃഢമായതോടെ പ്രതീഷ് ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞ് യുവതിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ അറിയിക്കരുതെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് പലപ്പോഴായി ആറു ലക്ഷം രൂപയാണ് യുവാവ് കൈക്കലാക്കിയത്.

തുടര്‍ന്ന് മുങ്ങിയ പ്രതീഷ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിളിക്കാതായതോടെയാണ് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും സംശയം തോന്നിയത്. പ്രതീഷ് നല്‍കിയിരുന്ന അങ്കമാലിയിലെ വിലാസത്തില്‍ അന്വേഷിച്ചു പോയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഫോട്ടോകള്‍ പരിശോധിച്ചപ്പോള്‍ തട്ടിപ്പാണെന്ന് മനസിലായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു വീരന്‍ പിടിയിലായത്.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രതീഷിന്റെ വലയില്‍ നിരവധി പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ മുമ്പ് വിവാഹിതനായിരുന്നുവെന്നും മൂന്നു വയസുള്ള കുട്ടിയുടെ പിതാവാണെന്നും സമ്മതിച്ചു, ആ യുവതിയെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹം. സത്യാവസ്ഥ മനസിലാക്കിയതോടെ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. തട്ടിയെടുക്കുന്ന പണം ആഢംബര ജീവിതത്തിനായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. മാത്രമല്ല കോവളത്ത് ഒരു യുവതിയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Loading...