കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് രണ്ടു വർഷത്തെ തിരച്ചിലിനൊടുവിൽ സൈജു എന്ന സൈജന്‍ പോളി(35)നെ പിടികൂടിയത്.ഐ.പി.എസുകാരടക്കമുള്ള സ്ത്രീകളെ ഫോണില്‍കൂടി ശല്യം ചെയ്തു വന്ന ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു . ഇയാളുടെ അശ്ലീലം കലര്‍ന്ന സംഭാഷണവും അസഭ്യവും കേട്ടത് അഞ്ഞൂറോളം സ്ത്രീകളാണ്.ഒരു ഊഹത്തില്‍ ഏതെങ്കിലും നമ്പരില്‍ വിളിക്കും. സ്ത്രീകളാണെങ്കില്‍ സംസാരം തുടരും. പത്തു നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ ഒരു സ്ത്രീയെങ്കിലും കുടുങ്ങുമെന്നാണ് സൈജന്റെ തിയറി. ഇയാളുടെ ഫോണ്‍ കോള്‍ വൈകൃതങ്ങള്‍ക്ക് ഇരകളായവരില്‍ സിവില്‍ സര്‍വീസിലെയും പോലീസിലെയും വനിതകള്‍ മുതല്‍ സാധാരണ വീട്ടമ്മമാര്‍വരെയുണ്ട്. പോലീസിനെ വട്ടംകറക്കിയ ഇയാളെ കണ്ടെത്താന്‍ രണ്ടു വര്‍ഷമായി അന്വേഷണം നടക്കുകയായിരുന്നു.

നാട്ടില്‍ വളരെ മാന്യനായി നടക്കുന്ന ഇയാള്‍ പകല്‍ ജോലിക്കു പോകും. രാത്രിയാണ് ഫോണിലൂടെ അശ്ലീലം തുടങ്ങുന്നത്. പലരുടെയും ഔദ്യോഗിക നമ്പരുകളിലേക്കു വിളിക്കുമ്പോള്‍ അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞാണു സംഭാഷണം ആരംഭിക്കുന്നത്. ഇരയെ സംബന്ധിക്കുന്ന പരമാവധി വിവരങ്ങള്‍ മനസിലാക്കി നല്ല ഒഴുക്കോടെയും ആകര്‍ഷകമായ വാക്കുകളിലൂടേയും സംഭാഷണം തുടങ്ങുന്ന ഇയാള്‍ ഒരുഘട്ടം കഴിയുമ്പോള്‍ അശ്ലീലത്തിലേക്ക് കടക്കും. എതിര്‍ത്താല്‍ അസഭ്യവര്‍ഷം നടത്തും. പോലീസ് സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും വിളിച്ചാണ് ഉന്നത പോലീസ് വനിതാ ഉദ്യോഗസ്ഥരുടെ നമ്പര്‍ സംഘടിപ്പിക്കുന്നത്.

കൊല്ലത്തെയും സമീപ ജില്ലകളിലെയും ചില വനിതാ ജനപ്രതിനിധികളും ഇയാളുടെ ഫോണ്‍ വൈകൃതത്തിന് ഇരയായി. പരാതികള്‍ വന്നപ്പോള്‍, വിളിച്ച നമ്പര്‍ നോക്കി അന്വേഷണം നടത്തിയ പോലീസിനു കൊല്ലം കോട്ടയ്ക്കകം വാര്‍ഡിലെ ഒരു വയോധികയുടെ മോഷണം പോയ ഫോണിന്റെ സിം ഇയാള്‍ ഉപയോഗിക്കുന്നതായി മനസിലായി. വേറെ രണ്ടു നമ്പരുകളില്‍നിന്നുകൂടി കോള്‍ വന്നപ്പോള്‍ പോലീസ് കൂടുതല്‍ ജാഗരൂകരായി. ഇരവിപുരം പോലീസ് അതിര്‍ത്തിയില്‍നിന്നു കവര്‍ന്നതാണ് ഈ രണ്ടു ഫോണുകളിലെയും സിമ്മെന്ന് പോലീസ് കണ്ടെത്തി. ഫോണ്‍ ഉപയോഗിക്കുന്ന ടവര്‍ ലൊക്കേഷന്‍ തേടിയെങ്കിലും സ്ഥലം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരേ സ്ഥലത്തുനിന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷവും ഫോണ്‍ വിളി വന്നിരുന്നത്. ടാര്‍ജറ്റ് ചെയ്തിട്ടുള്ള സ്ത്രീകളെയല്ലാതെ മറ്റാരെയും വിളിക്കാന്‍ ഈ സിം ഉപയോഗിച്ചിരുന്നില്ല.

ആളെ കണ്ടെത്താനുള്ള ദൗത്യത്തിന് മുന്നില്‍ സൈബര്‍ സെല്ലും ഹൈടെക്ക് സെല്ലും കുഴങ്ങി. ഇരവിപുരം പ്രദേശത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ് ചോദ്യംചെയ്യുകയും ചിലരെ നിരീക്ഷിക്കുകയും ചെയ്തു. സമൂഹത്തില്‍ മാന്യനായിരുന്നതിനാലും ഏതു ജോലി ചെയ്തും കുടുംബം പുലര്‍ത്തിയിരുന്നതിനാലും ആരും സംശയിച്ചില്ല. തുടര്‍ന്ന് ഫോണുകളുടെ ഐ.എം.ഇ നമ്പരുകള്‍ നിരന്തരമായി നിരീക്ഷണത്തിനു വിധേയമാക്കി. അതിനിടെ പുതിയൊരു സിം നമ്പര്‍ ഈ ഐ.എം.ഇ നമ്പരുള്ള ഫോണില്‍ ഉപയോഗിക്കുന്നതായി സൈബര്‍ സെല്ലിന് വിവരം ലഭിച്ചു. സിം വാങ്ങാന്‍ കൊടുത്ത വിലാസത്തില്‍ ആളെ പിടികൂടിയപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ് പുതിയ സിമ്മിന്റെ ഉടമയെന്നു കണ്ടെത്തി. അയാളെ ചോദ്യം ചെയ്തപ്പോള്‍ സൈജന്‍ വിറ്റ ഫോണാണെന്ന് പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

 


 

 
Loading...