തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ നിർണ്ണായകമായ കണ്ടെത്തൽ . നയതന്ത്ര പാക്കേജിലെ സ്വർണ്ണ കടത്ത് എത്രത്തോളം സുരക്ഷിതമാണെന്ന് കണ്ടെത്താന്‍ വേണ്ടി ഇവര്‍ ആദ്യം സാധാരണ വസ്തുക്കള്‍ പാഴ്‌സലാക്കി നാട്ടിലേക്ക് അയച്ചിരുന്നു. ഇത് വിജയകരമായപ്പോള്‍ മാത്രമാണ് പ്രതികൾ സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞത്. അതേസമയം സ്വപ്‌ന സുരേഷും സംഘവും വമ്പന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദുബായില്‍ നിന്നുംആദ്യമായി നയതന്ത്ര പാഴ്‌സല്‍ അയച്ചത്. എമര്‍ജന്‍സി ലൈറ്റ്, മിഠായി, ഈത്തപ്പഴം എന്നിവ അടങ്ങിയ പാക്കറ്റായിരുന്നു അതിൽ . ഇത് ടെസ്റ്റ് ഡോസ് എന്ന രീതിയിലാണ് അയച്ചത്.

ടെസ്റ്റ് ഡോസ് വിജയിച്ചതോടെ ഇവര്‍ പിടിക്കപ്പെടുന്നത് വരെ 200 കിലോ സ്വര്‍ണമാണ് കടത്തിയത്. ജൂണില്‍ തന്നെ മൂന്നര കിലോ സ്വര്‍ണാണ് കടത്തിയത്. രണ്ട് തവണയായി 12 കിലോ വേറെയും കടത്തിയിരുന്നു. ഇവിടെയും കടത്ത് അവസാനിച്ചില്ല. മുഹമ്മദ് ഷാഫിക്കായി 68 കിലോ സ്വര്‍ണം രണ്ട് തവണയായി കൊണ്ടുവന്നതായി മൊഴിയുണ്ട്. കസ്റ്റംസ് പിടികൂടിയതാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം അയച്ച പാഴ്‌സണല്‍. ലോക്ഡൗണ്‍ കാലത്ത് ഇത് അടക്കം 70 കിലോ സ്വര്‍ണം മൂന്ന് പാഴ്‌സലുകളിലായി കടത്തിയിരുന്നു.

20 തവണയായിട്ടാണ് ഇവര്‍ 200 കിലോ സ്വര്‍ണം കടത്തിയത്. അതേസമയം റമീസും സന്ദീപ് നായരും ചില്ലറക്കാരല്ല. ഇവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി നേരത്തെ 3.5 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിലായിരുന്നു. നയതന്ത്ര ചാനല്‍ എന്ന തന്ത്രമൊരുക്കിയത് സന്ദീപാണ്. സന്ദീപും സരിത്തും ഒരുമിച്ച് ജോലി ചെയ്ത പരിചയം ഇതില്‍ ഗുണം ചെയ്തു. സരിത്ത് വഴി സ്വപ്നയെ സന്ദീപ് പരിചയപ്പെട്ടു. ഇതിലൂടെയാണ് കോണ്‍സുലേറ്റ് ബന്ധങ്ങള്‍ ഈ സംഘം ദുരുപയോഗിച്ചത്. സ്വപ്‌നയുടെ എല്ലാ സഹായവും ഉണ്ടായിരുന്നു.

ഫൈസല്‍ ഫരീദിന്റെ റോളും ഇതില്‍ നിര്‍ണായകമായിരുന്നു. റമീസ് വഴി ജലാല്‍ മുഹമ്മദിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ജലാലാണ് ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്ക് സ്വര്‍ണക്കടത്ത് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റുകളും ഹോട്ടല്‍ മുറികളും കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്തിന്റെ ആലോചനകളെല്ലാം നടന്നത്. പണം സന്ദീപിന്റെ മേല്‍നോട്ടത്തില്‍ സമാഹരിച്ച് ഹവാല ശൃംഖല വഴിയാണ് ദുബായിലുള്ള ഫൈസല്‍ ഫരീദിന് എത്തിച്ചിരുന്നത്.

ഫൈസല്‍ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങി പാഴ്‌സലില്‍ ഒളിപ്പിച്ച് യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയക്കുകയാണ് രീതി. കോണ്‍സുലേറ്റ്് നല്‍കുന്ന ഓതറൈസേഷന്‍ ഇവര്‍ വ്യാജമായി പാഴ്‌സണല്‍ അയക്കാനായി തയ്യാറാക്കിയിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന നിലയിലാണ് ആദ്യം സരിത്ത് ഇവ കൈപ്പറ്റിയത്. കോണ്‍സുലേറ്റിലെ പണം പോയപ്പോള്‍ കൂടുതല്‍ തട്ടിപ്പിനായി ഓതറൈസേഷന്‍ രേഖയാണ് കാണിച്ചത്. പാഴ്‌സല്‍ അയക്കാനും ഏറ്റുവാങ്ങാനുമായി ഹാജരാക്കിയ എല്ലാ രേഖകളും വ്യാജമായിരുന്നില്ല എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ലക്ഷങ്ങളാണ് പ്രതിഫലമായി സ്വപ്‌ന അടക്കമുള്ളവര്‍ക്ക് ലഭിച്ചിരുന്നത്. സഹായിക്കുന്നവര്‍ക്ക് 5 അഞ്ച് ലക്ഷം രൂപയോളം വരെ ലഭിച്ചിരുന്നു. സരിത്തും സ്വപ്‌നയ്ക്കും അവസാനം ലഭിച്ച ഓഫര്‍ പത്ത് ലക്ഷം രൂപയായിരുന്നു. ബാക്കിയുള്ളവരുടെ പ്രതിഫലം കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് ഹവാല ഇടപാടുകാരുമായും നല്ല ബന്ധമുണ്ട്. പണം കണ്ടെത്താനായി സന്ദീപ്, റമീസ്, ജലാല്‍ മുഹമ്മദ് എന്നിവരാണ് ഹവാല ഇടപാടുകാരുമായി ബന്ധപ്പെട്ടത്. ടെസ്റ്റ് ഡോസിന്റെ വിശദാംശങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തിയാണ് ഇത്ര വലിയ തട്ടിപ്പിലേക്ക് എത്തിച്ചത്.

ഹവാലക്കാര്‍ ഇവര്‍ പറഞ്ഞ രീതിയില്‍ ഓകെ ആയിരുന്നു. ഇതോടെയാണ് പണം നല്‍കാമെന്ന് ഏറ്റത്. ആദ്യ കടത്ത് വിജയിച്ചതോടെ ഹവാല ഇടപാടുകാര്‍ കൂടുതലായി എത്തി. ഇതോടെ സ്വര്‍ണക്കടത്തിന്‍രെ അളവും കൂടി. ലാഭം ലക്ഷങ്ങളായി. പണം മുടക്കിയ ഏഴോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഓരോരുത്തരും പലരില്‍ നിന്നായിട്ടാണ് പണം സമാഹരിച്ചത്. സ്വപ്‌ന അടക്കമുള്ള പ്രതികള്‍ പണം ഇറക്കിയിട്ടില്ല. ഇവര്‍ക്ക് നേരിട്ട് പ്രതിഫലം നല്‍കുന്നതാണ് രീതി. അതേസമയം രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തുമായി പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.

Loading...