തിരുവനന്തപുരം: സ്വർണക്കടത്തുകേസ് അന്വേഷണ ചുമതലയുള്ള എൻഐഎ സംഘം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും .കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് . പേരൂർക്കട പൊലീസ് ക്ലബിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.

പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണു വിവരം. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതിരുന്നതു വ്യക്തിപരമായ വീഴ്ചയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നൽകിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കിൽ അകറ്റി നിർത്തുമായിരുന്നെന്നും പറഞ്ഞതായാണു സൂചന. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത അറിവില്ലായിരുന്നെന്നും സൂചിപ്പിച്ചു. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.

ശിവശങ്കറിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ 2 മാസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടു. ഇവ സർക്കാർ ഉടൻ കൈമാറുമെന്നാണു സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും നോർത്ത് ബ്ലോക്കിലാണ്. അന്വേഷണം ഇത്ര വേഗം സെക്രട്ടേറിയറ്റിൽ എത്തിയതു ഭരണ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ശിവശങ്കറിനെ കാണാൻ സ്വപ്ന സുരേഷ് ഇവിടെ പലകുറി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇന്നലെ ചോദ്യം ചെയ്യലിൽ ലഭിച്ചത്.

തെളിവുകളും പ്രതികളുടെ മൊഴിയും വിലയിരുത്തി വരുംദിവസങ്ങളിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ഇതിനിടെ നടക്കും. സെക്രട്ടേറിയറ്റിൽ ശിവശങ്കറിന്റെ ഓഫിസിലും പരിശോധന നടക്കും.

ഹൈദരാബാദിൽനിന്ന് എൻഐഎ ഡിഐജിയും ഓൺലൈൻ വഴി ചോദ്യംചെയ്യലിൽ പങ്കെടുത്തു. സ്വർണക്കടത്തിൽ ബന്ധമുള്ള മറ്റു ചിലരുടെ ചിത്രങ്ങൾ ശിവശങ്കറെ കാണിച്ചും വിശദാംശങ്ങൾ ആരാഞ്ഞതായാണു വിവരം. സ്വപ്നയ്ക്കൊപ്പം അവരെ കണ്ടിട്ടുണ്ടോയെന്നും ചോദിച്ചു.

സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചു.

Loading...