തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് നിർണ്ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത് . യു.എ.ഇ. കോൺസുലേറ്റിന്റേതടക്കം വ്യാജരേഖകൾ നിർമിച്ചത് സരിത്താണെന്ന് അന്വേഷസംഘത്തിൻറെ പുതിയ കണ്ടെത്തൽ . എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യുവിലെ സ്ഥാപനത്തിൽനിന്ന് ഇവ നിർമിച്ചത്.വ്യാജരേഖകളുടെ നിർമാണച്ചുമതല സരിത്തിനെയാണ് സ്വപ്ന ഏൽപ്പിച്ചിരുന്നത്.

കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാണ് സ്റ്റാമ്പ് നിർമിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ചത്. ലെറ്റർഹെഡ് ഉൾപ്പെടെയുള്ള ചില രേഖകളും ഇയാൾ കടത്തിയിരുന്നു. ഇതിൽ ചിലത് പാച്ചല്ലൂരിലെ കുടുംബവീട്ടിൽനിന്ന് കണ്ടെത്തി.

നയതന്ത്ര പാഴ്സൽ വാങ്ങാൻ സരിത്തിനെ ചുമതലപ്പെടുത്തി കസ്റ്റംസിനു കൈമാറിയ കത്ത് വ്യാജമാണ്. സരിത്ത് സ്വന്തമായാണ് ഈ കത്ത് തയ്യാറാക്കിയത്. കോൺസുലേറ്റിന്റെ ഓഫീസ് സെക്രട്ടറിയായി സ്വപ്ന ജോലിചെയ്യുമ്പോൾ പാഴ്സലുകൾ വാങ്ങാൻ സരിത്തിനെ അയച്ചിരുന്നു. ഈ സമയം ഉപയോഗിച്ച ഔദ്യോഗിക കത്തുകളുടെ മാതൃക സരിത്തും സ്വപ്നയും സ്വന്തമാക്കി. കോൺസുലേറ്റിലെ ജോലി നഷ്ടമാകുംമുമ്പേ ഇവർ വ്യാജസീലുകൾ ഉണ്ടാക്കി. സ്വർണമടങ്ങിയ പാഴ്സൽ ഇന്ത്യയിലേക്ക് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയ കത്തും വ്യാജമായിരുന്നു.

അതേസമയം പോലീസ് അസോസിയേഷൻ നേതാവിനെതിരേയും അന്വേഷണം നടക്കുന്നുണ്ട് .കഴിഞ്ഞമാസം പത്തിന് മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പോലീസാണ് സന്ദീപിനെ പിടികൂടിയത്.
എന്നാൽ അന്ന് സന്ദീപിനെ സഹായിക്കാനായി പോലീസ് സ്റ്റേഷനിൽ പോലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനായിരുന്നു എത്തിയത് . ഇയാൾക്കെതിരെ ഡി. ഐ.ജി. സഞ്ജയ് കുമാർ ഗുരുദീൻറെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം.

എന്നാൽ ചന്ദ്രശേഖരൻ സന്ദീപിനെ ജാമ്യത്തിലിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും . പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യത്തിൽ ഇറക്കുന്നത് ശരിയല്ലെന്നുള്ള ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരാൾ എത്തി ജാമ്യത്തിലിറക്കുകയായിരുന്നു . മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള സന്ദീപിന്റെ കാർ രേഖകൾ പരിശോധിക്കാതെ വിട്ടുനൽകാൻ ചന്ദ്രശേഖരൻ സമ്മർദം ചെലുത്തിയെന്ന ആരോപണമുണ്ടായിരുന്നു.

കാറിൽ പണം നിറച്ചൊരു ബാഗുണ്ടായിരുന്നെന്നും അത് പരിശോധനയ്ക്കു വിധേയമാക്കാതെ വിട്ടുനൽകാൻ അസോസിയേഷൻ നേതാവ് സഹായിച്ചെന്നും ആക്ഷേപമുയർന്നിരുന്നു. സന്ദീപിനെതിരേ നേരത്തേയുണ്ടായ പല ചെറിയ കേസുകളിലും ചന്ദ്രശേഖരൻ ഇടപെട്ടതായും ആരോപണമുണ്ട്.

Loading...