ദുബായ് : കോവിഡ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 65 ശതമാനത്തോളം ഗൾഫ് മലയാളികൾ തൊഴിൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട് . 13.50 ശതമാനം പേർക്ക് ജോലി നഷ്ടപ്പെട്ടു .18.44 ശതമാനം പേർക്ക് ശമ്പളം വെട്ടിക്കുറച്ചു. 7.32 ശതമാനം പേർക്ക് ശമ്പളമേയില്ല. 26.02 ശതമാനം പേർ തൊഴിൽ നഷ്ടപ്പെടലിന്റെ വക്കിലാണ്.

പ്രവാസി രിസാല മാഗസിൻ ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. കോവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരെ അറിയാം എന്ന് അഭിപ്രായപ്പെടുന്നവരാണ് 93 ശതമാനം പേരും. ഇതിൽ 34 ശതമാനം പേർ യഥേഷ്ടം തൊഴിൽ നഷ്ടങ്ങൾ അറിയാം എന്ന് അഭിപ്രായപ്പെടുന്നു. ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം വ്യക്തമാക്കുന്നതാണ് സർവേ.

ആറു ഗൾഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴിൽ, ബിസിനസ് സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 7223 പേരിലാണ് സർവേ നടത്തിയത്. പ്രതിസന്ധിക്കിടയിലും ഗൾഫിൽ തന്നെ തുടരുകയോ വൈകാതെ തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് 52.04 ശതമാനവും. 14.84 ശതമാനം പേർക്ക് വരേണ്ടിവരും എന്നഭിപ്രായമുണ്ട്. 23.99 ശതമാനം പേർ മറ്റുമാർഗമില്ലെങ്കിൽ ഗൾഫ് തിരഞ്ഞെടുക്കുമെന്ന് പറയുമ്പോൾ 8.90 ശതമാനം പേർ മാത്രമാണ് ഇനി ഗൾഫിലേക്കില്ലെന്ന് തീർത്തു പറയുന്നത്.

പ്രവാസികളിൽ 65.54 ശതമാനം പേർക്കും നാട്ടിലെത്തിയാൽ ജോലിയോ മറ്റു സംരംഭങ്ങളോ ഇല്ല. സംഘടിപ്പിക്കണം എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവർ 29.71 ശതമാനമുണ്ട്. 4.75 ശതമാനം പേർക്കുമാത്രം ജോലിയോ ബിസിനസോ ഉണ്ട്. നാട്ടിലെത്തിയാൽ അതിജീവനത്തിന് വായ്പ ഉൾപെടെയുള്ള സാമ്പത്തിക സഹായം കാത്തിരിക്കുന്നവർ 56.12 ശതമാനമുണ്ട്. പ്രവാസികളിൽ 20.98 ശതമാനം പേർക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല എന്നും സർവേ വെളിപ്പെടുത്തുന്നു. ഭൂരിഭാഗം പ്രവാസികളും മക്കളുടെയോ ആശ്രിതരുടെയോ വിവാഹം, വിദ്യാഭ്യാസം പോലുള്ള ബാധ്യതകൾ ഉള്ളവരാണ്. ഗൾഫിൽ മെച്ചപ്പെട്ട അവസ്ഥയിൽ കുടുംബ സമേതം ജീവിക്കുന്നവർ 15.79 ശതമാനം പേർ മാത്രം. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതിൽ മാനസികാഘാതം സൃഷ്ടിച്ചു എന്നഭിപ്രായപ്പെടുന്നത് 65 ശതമാനം പേരാണ്.

34.65 ശതമാനം പേർ കനത്ത ആഘാതമുണ്ടാക്കി എന്നഭിപ്രായപ്പെടുന്നു. സർവേയിൽ പങ്കെടുത്തവരിൽ 67.06 ശതമാനം പേരും 26-40 നുമിടയിൽ പ്രായമുള്ളവരാണ്. 27.10 ശതമാനം പേർ 41-നും 60-നുമിടയിലുള്ളവരും 5.85 ശതമാനം പേർ 18-25 പ്രായത്തിലുള്ളവരാണ്.

Loading...