ദുബായ്: കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാചന്ദ്രനെ (40) ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ വിചാരണ ദുബായ് കോടതിയിൽ തുടങ്ങി. ഭാര്യയെ താൻ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വിദ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിയിക്കാൻ കമ്പനി മാനേജർ തനിക്ക് സന്ദേശം അയച്ചിരുന്നു. മാനേജരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതുകൊണ്ടാണ് താൻ അക്കാര്യം പറയുന്നതെന്നും പ്രതി കോടതിയിൽ പറഞ്ഞു.

2019 സെപ്റ്റംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അൽഖൂസ് പ്രദേശത്തെ ഒരു കമ്പനിയുടെ പാർക്കിങ് സ്ഥലത്തായിരുന്നു കുത്തികൊലപ്പെടുത്തിയ നിലയിൽ വിദ്യയുടെ മൃതദേഹം കിടന്നിരുന്നത്. മൂന്നുതവണ കുത്തിയായിരുന്നു കൊലചെയ്തത്. ഓഫീസിൽനിന്നും പുറത്തിറങ്ങിയ വിദ്യയെ ഏറെ നേരം കാണാതിരുന്നപ്പോൾ അന്വേഷിക്കുകയായിരുന്നുവെന്ന് കമ്പനി മാനേജർ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷിക്കാൻ പറഞ്ഞയച്ചു. കാണുമ്പോൾ കുത്തേറ്റ് മരിച്ചനിലയിലായിരുന്നു വിദ്യ. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജെബൽഅലിയിൽ നിന്നായിരുന്നു പോലീസ് പിടികൂടിയത്.

മരണത്തിന് ഒരു വർഷം മുൻപാണ് വിദ്യ ജോലി തേടി ദുബായിലെത്തുന്നത്. അൽഖൂസിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി നേടി ഓണമാഘോഷിക്കാൻ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. 16 വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. സംശയത്തിന്റെ പേരിൽ തകർന്ന മട്ടിലായിരുന്നു ദാമ്പത്യം. കൊലപാതകം ആസൂത്രണംചെയ്ത് മരണത്തിന് ഒരു മാസംമുൻപാണ് പ്രതി ദുബായിലെത്തുന്നത്. മൂന്നുതവണ ഇയാൾ ഭാര്യയെ കണ്ടതായും ദുബായ് പോലീസ് പറഞ്ഞു. പ്രതിയിൽ മുൻകൂട്ടി നിശ്ചയിച്ച കൊലപാകക്കുറ്റം ചുമത്തി. കേസിൽ വിചാരണ മാർച്ച് രണ്ടിലേക്ക് മാറ്റി. അതേസമയം പ്രതി പോലീസ് കസ്റ്റഡിയിൽ തുടരും.

Loading...