തിരുവനന്തപുരം : വിവരങ്ങൾ ചോർത്താനായി മാൽവെയർ ചേർത്ത ഇമെയിലുകൾ ഉത്തരകൊറിയൻ ഹാക്കർമാർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ .ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ (ബിഎആർസി) കെഎസ്കെആർഎ ഫെലോഷിപ്പിന് അർഹരായ ഗവേഷകർക്കാണ് ഇത്തരത്തിൽ അപകടകരമായ മാൽവെയർ ചേർത്ത ഇമെയിലുകൾ ഹാക്കർമാർ അയച്ചതെന്ന് ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ സ്ഥാപനമായ ‘ഇഷ്യുമേക്കേഴ്സ് ലാബ്’ പുറത്തുവിട്ടു. മറ്റു ഗവേഷകരുടേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഇമെയിൽ വിലാസമുപയോഗിച്ചായിരുന്നു ശ്രമം.

ഇത്തരം മെയിലുകൾ ബ്ലോക് ചെയ്യുന്ന സാങ്കേതികവിദ്യയും കടന്ന് വ്യക്തികൾക്കു മെയിൽ ഇൻബോക്സിൽ തന്നെ ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. തോറിയം അധിഷ്ഠിതമായ പുതുതലമുറ ആണവ റിയാക്ടറുകളുടെ ഇന്ത്യൻ രൂപകൽപനയാണ് അഡ്വാൻസ്ഡ് ഹെവി വാട്ടർ റിയാക്ടർ (എഎച്ച്ഡബ്ല്യുആർ).

തോറിയം അധിഷ്ഠിതമായ റിയാക്ടറുകളുമായി ബന്ധപ്പെട്ട ഗവേഷണവിവരങ്ങൾ ചോർത്താൻ ആണവമേഖലയിലെ ഉന്നതർക്കു വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചുവെന്ന് ഇഷ്യുമേക്കേഴ്സിന്റെ മുൻപു വെളിപ്പെടുത്തിയിരുന്നു. 2014 ൽ ദക്ഷിണ കൊറിയൻ ആണവനിലയങ്ങൾക്കെതിരെ ഉപയോഗിച്ച വൈറസാണ് ഈ ഇമെയിലിനൊപ്പമുണ്ടായിരുന്നതെന്ന് ഇഷ്യുമേക്കേഴ്സ് സ്ഥാപകൻ സൈമൺ ചോയി പറഞ്ഞു.

ഫെലോഷിപ് പട്ടികയിലുൾപ്പെട്ട പരേഷ് ഹാൽഡർ എന്ന വ്യക്തിയുടെ പേരിലാണ് അതേ പട്ടികയിലുള്ള മറ്റൊരു വ്യക്തിക്ക് മെയിലെത്തിയത്. പരേഷിന്റെ ജിമെയിൽ വിലാസത്തിനു സമാനമായി ‘@barc.gov.in’ എന്നവസാനിക്കുന്ന വിലാസത്തിൽ നിന്നാണു മെയിൽ അയച്ചതായി കാണുന്നത്.

എന്നാൽ തനിക്കു ബാർക്കിന്റെ ഇമെയിൽ വിലാസമില്ലെന്നും ഇതു വ്യാജമാണെന്നും പരേഷ് ‘മനോരമ’യോടു പറഞ്ഞു. മറ്റൊരാളുടെ ഇമെയിൽ വിലാസത്തിൽ നിന്നയയ്ക്കുന്നതുപോലെ ഇമെയിൽ ചെയ്യാൻ കഴിയുന്ന വിദ്യയാണ് ഹാക്കർമാർ ഉപയോഗിച്ചതെന്ന് ഇഷ്യുമേക്കേഴ്സ് ലാബും വ്യക്തമാക്കുന്നു.

Loading...