ഹൃദയവും വിവാഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഭാര്യ അല്ലങ്കിൽ ഭർത്താവ് എന്റെ ഹൃദയമാണെന്നു പറയുന്നതല്ല ഉദ്ദേശിച്ചത്. മറിച്ച് ഹൃദയാരോഗ്യവും വിവാഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്. ഉണ്ടെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തലും അവകാശവാദവും. വിവാഹം ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുമെന്നാണ് ഇവരുടെ പഠനം.

ബ്രിട്ടനിലെ റോയല്‍ സ്റ്റോക് ഹോസ്‌പിറ്റലിലെ ഹൃദയരോഗ വിദഗ്‌ധരാണ് പഠനത്തിന് നേതൃത്വം നൽകിയത്. പങ്കാളിക്കൊപ്പമുളള ജീവിതം ഹൃദയരോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കുമത്രേ. കഴിഞ്ഞ രണ്ടു ദശാബ്ദമായി യൂറോപ്പ്, ഉത്തര അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ 42നും 77നും മധ്യേ പ്രായമുള്ള 20 ലക്ഷത്തോളം ആളുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ദമ്പതിമാരെ അപേക്ഷിച്ച് വിവാഹമോചിതര്‍, വിധവകള്‍, അവിവാഹിതർ എന്നിവര്‍ക്ക് 42 ശതമാനത്തിൽ അധികം ഹൃദയ സംബന്ധമായ രോഗമുണ്ടാവാന്‍ സാധ്യത, വിവാഹം കഴിക്കാത്തവര്‍ക്ക് രക്തധമനി സംബന്ധമായ പ്രശ്‌നം കാരണമുളള ഹൃദയരോഗത്തിലൂടെ 42 ശതമാനം അധികം മരണസാധ്യത, വിവാഹം കഴിച്ചവരെ അപേക്ഷിച്ച് ഇത്തരക്കാര്‍ക്ക് പക്ഷാഘാതത്തിലൂടെ 55 ശതമാനം അധികം മരണസാധ്യത…എന്നിങ്ങനെയാണ് കണ്ടെത്തൽ.

സ്ത്രീകളിലും പുരുഷന്മാരിലും ഏകദേശം സമാനമായ ശതമാനമാണ് ഇത് കണക്കാക്കുന്നതെങ്കിലും പക്ഷാഘാതം പുരുഷന്മാരിലാണ് കൂടുതലായി ഉണ്ടാകുകയെന്നും പറയുന്നു. എന്തു കൊണ്ടാണ് വിവാഹിതരായവരില്‍ ഹൃദയരോഗങ്ങള്‍ കുറയുന്നതെന്നു പഠനത്തിൽ വ്യക്തമാക്കുന്നില്ല.

Loading...