വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ  ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ ‘ഹൗഡി മോദി’യില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. 

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 

പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ‘ഹൗഡി മോദി’ക്ക് ലഭിക്കും. 

ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുന്നുണ്ട്.

ജി-20, ജി-7 ഉച്ചകോടികള്‍ക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകള്‍ക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ‘ഹൗഡി മോദി’. അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ‘ഹൗ ഡു യു ഡു’ എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി ‘ഹൗഡി’ എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നല്‍കിയിരിക്കുന്നത്. 

Loading...