ത്വക്കിലെ അഴുക്കുകളും മൃതകോശങ്ങളും വന്നടിഞ്ഞ് രോമകൂപങ്ങളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടാണ് മുഖക്കുരു. മിക്ക കൗമാരക്കാരിലും കണ്ടുവരുന്നൊരു പ്രധാന പ്രശ്നമാണിത്.എന്നാൽ ഇത് പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാനാകും.

മുഖം വൃത്തിയായി സൂക്ഷിക്കുക: ദിവസവും രണ്ടു തവണ മുഖം കഴുകണം. വീര്യം കുറഞ്ഞ ഫേസ് വാഷോ ഇളം ചൂടുവെള്ളമോ മുഖം കഴുകാന്‍ ഉപയോഗിക്കാം. വീര്യം കൂടിയ സോപ്പ് ഒഴിവാക്കണം.എന്നാൽ വൃത്തിയായി ഇരിക്കട്ടെ എന്നു കരുതി ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതല്ല.

മുഖം ഉരച്ചുകഴുകരുത്: അമര്‍ത്തി ഉരച്ചു കഴുകുന്നത് മുഖചര്‍മം കേടുവരുത്തും. കൈകള്‍ കൊണ്ടോ മൃദുവായ തുണി ഉപയോഗിച്ചോ വളരെ പതുക്കെ വേണം കഴുകാന്‍.

മോയ്‌സ്ചറൈസ് ചെയ്യാം: മുഖക്കുരു നിയന്ത്രിക്കാനുള്ള പല മരുന്നുകളും ചര്‍മം വരളാന്‍ ഇടയാക്കുന്നവയാണ്. അതിനാല്‍ നല്ല മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. മുഖക്കുരു ഉണ്ടാക്കില്ലെന്ന് ലേബലില്‍ കാണിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ മാത്രം വാങ്ങുക. ഓരോ ചര്‍മക്കാര്‍ക്കും യോജിച്ച തരത്തിലുള്ള മോയ്‌സ്ചറൈസര്‍ ലഭ്യമാണ്.

മേക്കപ്പ് ഇട്ട് ഉറങ്ങരുത്: ഉറങ്ങാന്‍ പോകും മുന്‍പ് മുഖത്തെ മേക്കപ്പ് വൃത്തിയായി കഴുകി കളയണം. ഓയില്‍ ഫ്രീ ആയിട്ടുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ കഴിയുമെങ്കില്‍ ഉപയോഗിക്കുക. അവയില്‍ ഡൈയോ മറ്റു വസ്തുക്കളോ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. വാങ്ങും മുന്‍പ് എന്തൊക്കെ വസ്തുക്കളാണ് അതില്‍ അടങ്ങിയതെന്ന് വായിച്ചുനോക്കുന്നത് നന്നായിരിക്കും.

മുഖക്കുരുവില്‍ തൊടരുത്: ഇടയ്ക്കിടെ മുഖക്കുരുവില്‍ പിടിക്കുന്നത് ഒഴിവാക്കണം. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന് മാത്രമല്ല ഇത് മുഖക്കുരുവിന്റെ വീക്കം കൂട്ടുകയും ചെയ്യും.

വെയിലിനെ സൂക്ഷിക്കണം: സൂര്യപ്രകാശം ഏല്‍ക്കുന്നത് മുഖക്കുരുവിന്റെ വീക്കം കൂട്ടും. കഴിവതും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കണം.

വ്യായാമം ശീലമാക്കാം: പതിവായി വ്യായാമം ചെയ്യുന്നത് ചര്‍മത്തിന് ഉള്‍പ്പടെ ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും. വ്യായാമത്തിന് ശേഷം കുളിക്കുകയും വേണം.

ബൈ ബൈ ടെന്‍ഷന്‍: മാനസിക സമ്മര്‍ദം മുഖക്കുരു ഉണ്ടാക്കാം. ടെന്‍ഷനുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുക. അല്ലെങ്കില്‍ ടെന്‍ഷന്‍ അകറ്റാനുള്ള ടെക്‌നിക്കുകള്‍ ശീലിക്കുക.

Loading...