ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ വിദേശ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുവായ യുവതി വഴി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ യുവതിക്കും ഇവരെ സഹായിച്ച കുളച്ചല്‍ സ്വദേശിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ഇവരുടെ മൊെബെല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. കാറും കണ്ടെത്താനായിട്ടില്ല. സമാനരീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പിടിയിലായ കൊല്ലം വാടി കടപ്പുറത്ത് ഷിബു അഗസ്റ്റില്‍ (സിബിയോണ്‍ -30), ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് കുരിശുപള്ളിപറമ്പില്‍ ജിജു ജിജി (21), വഴിച്ചേരി മാര്‍ക്കറ്റില്‍ സെന്റ് ഫിലോമിനാസ് സ്ട്രീറ്റില്‍ തോമസ് ജോണ്‍ (34) എന്നിവര്‍ റിമാന്‍ഡിലാണ്. 23 നാണ് വ്യവസായിയായ അങ്കമാലി സ്വദേശി തട്ടിപ്പിനിരയായത്.

കുട്ടികളുടെ പഠനത്തിന് സഹായം അഭ്യര്‍ഥിച്ചാണ് യുവതി വ്യവസായിയെ വിളിക്കുന്നത്. തുടര്‍ന്ന് സഹായവുമായെത്തിയ ഇയാളെ യുവതിയുടെ വീട് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞ് ജിജു ബൈക്കില്‍ ശവക്കോട്ടപ്പാലത്തിന്റെ സമീപം എത്തിച്ചു. ഇവിടെ കാത്തുനിന്ന മറ്റു പ്രതികള്‍ ചേര്‍ന്ന് കാറില്‍ കൊമ്മാടിയിലെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹോംസ്‌റ്റേയില്‍ എത്തിയ ശേഷം വ്യവസായി അണിഞ്ഞിരുന്ന 15 പവനും എ.ടി.എമ്മില്‍ നിന്ന് 10,000 രൂപയും തട്ടിയെടുക്കുകയും തടവില്‍ പാര്‍പ്പിച്ച്, 50 ലക്ഷം തന്നാല്‍ മാത്രമേ മോചിപ്പിക്കൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

രാത്രി സിബിയോണിന്റെ നേതൃത്വത്തില്‍ കൊല്ലത്തേക്ക് കൊണ്ടുപോകുന്നതിനിടെ നീണ്ടകരയില്‍ കാര്‍ നിര്‍ത്തി സംഘം അടുത്തുള്ള കടയിലേക്ക് പോയപ്പോള്‍ വ്യവസായി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയില്‍ കിട്ടാന്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഈ സംഘം ഹണിട്രാപ്പിലൂടെ നിരവധിപേരെ കുടുക്കിയിട്ടുണ്ടെന്ന സംശയമാണ് പോലീസിന്. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നാണ് പോലീസ് പറയുന്നത്.

Loading...