നമ്മുടെ കേരളത്തില്‍ കര്‍പ്പൂരത്തിന്റെ നിര്‍മാണം വളരെ അപൂര്‍വമാണ്. ചുരുങ്ങിയ മുതല്‍ മുടക്ക് മാത്രമേ വേണ്ടൂ എങ്കിലും ഇതു തുടങ്ങുവാനുള്ള അജ്ഞത കൊണ്ടാവാം ഈ സംരംഭത്തിലേക്ക് എത്തിപ്പെടാതിരിക്കുന്നത്. എന്നാല്‍ വളരെ എളുപ്പം തുടങ്ങാവുന്ന ഒരു സംരംഭമാണ് കര്‍പ്പൂര നിര്‍മാണം.ഹൈന്ദവ സംസ്‌കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കര്‍പ്പൂരം. ആചാരാനുഷ്ഠാനങ്ങളിലും അമ്പലങ്ങളിലും ഹോമങ്ങളിലും വീടുകളിലും എല്ലാം വ്യാപകമായി ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന കര്‍പ്പൂരത്തിന്റെ നിര്‍മാണത്തിന് ആകെ ചിലവു വരുന്നത് ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്.

വളരെ ചൂടു കുറഞ്ഞ സാഹചര്യത്തില്‍ വളരുന്ന കര്‍പ്പൂരത്തിന്റെ മരത്തില്‍ നിന്നും ശേഖരിക്കുന്ന അസംസ്‌കൃത വസ്തുവില്‍ അനുബന്ധ ചേരുവകളും ചേര്‍ത്താണ് കര്‍പ്പൂര നിര്‍മാണത്തിനാവശ്യമായ റെഡിമിക്‌സ് നിര്‍മിക്കുന്നത്. കര്‍പ്പൂരത്തിന്റെ റെഡിമിക്‌സ് ഇന്ന് വിപണിയില്‍ സുലഭവുമാണ്.

വളരെ വിശാലമായ സാധ്യതകളുള്ള കര്‍പ്പൂരത്തിന്റെ നിര്‍മാണം എളുപ്പത്തില്‍ ആരംഭിക്കാവുന്ന ഒരു കുടുംബ സംരംഭമാണ്. നല്ലൊരു മാര്‍ക്കറ്റിങ് രീതി അവലംബിച്ചാല്‍ വളരെ പെട്ടെന്നുതന്നെ മാര്‍ക്കറ്റ് പിടിക്കാനും സാധിക്കും. കര്‍പ്പൂര ബട്ടണുകള്‍ നിര്‍മിച്ച് വിതരണക്കാര്‍ വഴി എത്തിച്ചു നല്‍കുന്നതാണ് ഏറ്റവും ഗുണകരം. വിതരണക്കാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 40 ശതമാനം വരെ കമ്മീഷന്‍ നല്‍കിയാല്‍ പോലും ചുരുങ്ങിയത് 10000 രൂപ നിത്യേന ലാഭമുണ്ടാക്കാന്‍ കഴിയും.കര്‍പ്പൂര ബട്ടണുകള്‍ നിര്‍മിക്കുന്ന ഫുള്‍ ഓട്ടോമാറ്റിക് മെഷിനുകള്‍ ഇന്ന് ലഭ്യമാണ്. യന്ത്രത്തിന്റെ ഒപ്പറില്‍ റെഡിമിക്‌സ് ലോഡ് ചെയ്തതിനുശേഷം ആവശ്യമായ വലുപ്പത്തിലുള്ള ബട്ടന്റെ ഡൈ മെഷിനില്‍ ലോഡ് ചെയ്യണം. മണിക്കൂറില്‍ 5000 ബട്ടണ്‍ വരെ ഈ മെഷീനില്‍ നിര്‍മിക്കാന്‍ സാധിക്കും. തുടര്‍ന്ന് ഈ ബട്ടണുകള്‍ ആകര്‍ഷണീയമായി പായ്ക്ക് ചെയ്ത് വിപണനത്തിന് കൊടുക്കാം.<

മെഷിന് 55000 രൂപയാണ് വില. പായ്ക്കിങ് യന്ത്രത്തിന് 26000 രൂപയും. അനുബന്ധ സാധനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി 10000 രൂപയും ആവശ്യമാണ്. ഇത്രയും ഉണ്ടെങ്കില്‍ കര്‍പ്പൂര നിര്‍മാണം തുടങ്ങാം.

ദൈനംദിന നിര്‍മാണത്തിനായി നാം തയ്യാറാകുമ്പോള്‍ 12 മണിക്കൂറില്‍ ഒരു മെഷിന്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ 60000 ബട്ടണുകള്‍ നിര്‍മിക്കാം. ഇതിനാവശ്യമായ റെഡിമിക്‌സ് 12 കിലോ ആണ്. ഒരു കിലോ റെഡി മിക്‌സില്‍ നിന്ന് 5000 ബട്ടണുകള്‍ നിര്‍മിക്കാം. ഒരു കിലോ റെഡിമിക്‌സിന്റെ വില 400 രൂപയാണ്. 4800 രൂപ റെഡി മിക്‌സിനും ബാക്കി പായ്ക്കിങ് കവര്‍, കാര്‍ട്ടന്‍ ബോക്‌സ്, വേതനം മുതലായവ ചേര്‍ത്ത് 10000 രൂപ ചെലവാക്കിയാല്‍ 60000 ബട്ടനുകളായി.25 ബട്ടണുകള്‍ വീതമുള്ള പായ്ക്കറ്റ് 10 രൂപ നിരക്കില്‍ 2400 പായ്ക്കറ്റുകള്‍ കൊടുത്താല്‍ 24000 രൂപ നമുക്ക് ലഭിക്കും.

ഇതില്‍ ചെലവ് കഴിച്ച് 14000 രൂപ നമ്മുടെ കൈയിലെത്തും. വിതരക്കാരന് 40 ശതമാനം കമ്മീഷന്‍ കൊടുത്താല്‍ നമുക്ക് അയ്യായിരം രൂപയോളം കയ്യില്‍ ലഭിക്കും.കര്‍പ്പൂരത്തിന്റെ നിര്‍മാണത്തിനാവശ്യമായ പരിശീലനം പിറവം അഗ്രോ പാര്‍ക്കില്‍ ലഭിക്കുന്നുണ്ട്. വ്യവസായ വകുപ്പില്‍ നിന്നുള്ള ഉദ്യോഗ് ആധാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ജിഎസ്ടി എന്നീ ലൈസന്‍സുകള്‍ നമുക്കുണ്ടായിരിക്കണം. 30 ശതമാനം വരെ സബ്‌സിഡി വ്യവസായ വകുപ്പ് ഇതിനു നല്‍കുന്നുണ്ട്.

Loading...