സപ്ത ചിരഞ്ജീവികളിൽ ഒരാളും തീവ്രശ്രീരാമ ഭക്തനുമാണ് ഹനൂമാൻ സ്വാമി . ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തി യഥാവിധി വഴിപാടുകൾ സമർപ്പിച്ചു പ്രാർഥിച്ചാൽ ഫലം ഏറെയാണ്.

ഹനൂമാൻ സ്വാമിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ തന്നെ ശത്രുദോഷങ്ങൾ അകലും. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ,അഷ്ടമ ശനി എന്നീ ദോഷകാലങ്ങളിലും ഹനൂമാൻസ്വാമിയെ വണങ്ങിയാൽ ദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.

ഹനൂമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാലസമർപ്പണം. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനൂമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനൂമാനെ അണിയിച്ചുവെന്നാണ് പറയപ്പെടുന്നത്. വെറ്റിലമാല സമർപ്പിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയവും സമൃദ്ധിയുമാണ് ഫലം. നെയ്‌വിളക്ക് സമർപ്പിക്കുന്നതും ഉത്തമമാണ്. രോഗദുരിതങ്ങൾ തീരാൻ തുളസിമാലസമർപ്പണം ഉത്തമമത്രേ .കദളിപ്പഴം നിവേദ്യമായി സമർപ്പിക്കാവുന്നതാണ്.

ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ക്ഷേത്രദർശനം നടത്തി പ്രാർഥിച്ചാൽ സർവവിധ ദോഷങ്ങളും അകന്ന് സർവകാര്യജയം സാധ്യമാകും. ചൊവ്വ ,വ്യാഴം, ശനി എന്നിവ ഹനൂമാന് പ്രാധാന്യമുള്ള ദിനങ്ങളാണ്.

ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനൂമാൻസ്വാമി

ഉദ്യോഗത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതിരിക്കുന്നവരും തന്റേതല്ലാത്ത കാരണത്താൽ തൊഴിൽ ക്ലേശം അനുഭവിക്കുന്നവരും വായുപുത്രനായ ഹനൂമാനെ പ്രാർഥിക്കുന്നത് ഉത്തമമാണ് .രാമഭക്തനായ ഹനൂമാൻസ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരും എന്നാണ് വിശ്വാസം .

“ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.”

ഈ മന്ത്രം ക്ഷേത്രദർശനവേളയിൽ ഭക്തിയോടെ ജപിക്കുന്നത് തൊഴിൽ തടസ്സം നീങ്ങാൻ ഉത്തമമാണ്. ഹനുമത്പ്രീതി നേടിയ ഭക്തന് വീര്യം, ഓജസ്സ് ,ബുദ്ധികൂർമ്മത എന്നിവ സ്വായത്തമാകും എന്നാണ് വിശ്വാസം .

Loading...