തന്റെ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ച ഭാര്യയുടെ തല മൊട്ടയടിച്ച് ഭർത്താവ്. പാകിസ്ഥാൻ വനിതയായ അസ്മ അസീസാണ് ഭർത്താവ് മിയാന്‍ ഫൈസൽ തന്നെ മർദ്ദിച്ചവശനാക്കിയ ശേഷം തല മൊട്ടയടിച്ചെന്ന പരാതിയുമായി രം​ഗത്തെത്തിയത്. ജോലിക്കാരുടെ സഹായത്തോടെയാണ് മിയാന്‍ ഭാര്യയുടെ തല മൊട്ടയടിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ അസ്മ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.

മാർച്ച് 26നാണ് തനിക്ക് നേരിട്ട പീഡനങ്ങളെ കുറിച്ചുള്ള വീഡിയോ അസ്മ പുറത്തു വിടുന്നത്. ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് അതോരിറ്റിയിലാണ് ദമ്പതികൾ താമസിക്കുന്നത്. സംഭവ ദിവസം മിയാന്റെ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയും അവരുടെ മുന്നിൽ നൃത്തം ചെയ്യാൻ അസ്മയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഫൈസലിന്റെ ആവശ്യം അസ്മ നിരസിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

‘അയാൾ ജോലിക്കാരുടെ മുന്നിൽ വച്ച് എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാർ എന്നെ പിടിച്ചുവെക്കുകയും ഭർത്താവ് എന്റെ മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പിൽ ബന്ധിച്ചു. ഫാനിൽ കെട്ടിതൂക്കി. വിവസ്ത്രയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാൾ ഭീഷണി മുഴക്കി’-അസ്മ പറഞ്ഞു.

പിന്നീട് സംഭവത്തെ പറ്റി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തി. എന്നാൽ അസ്മയുടെ പ്രസ്താവനയെ പൊലീസ് നിഷേധിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അസ്മയുടെ വീട്ടിൽ പൊലീസുകാർ പോയിരുന്നുവെന്നും എന്നാൽ വീട് പൂട്ടിയിട്ടിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പിന്നീട് സംഭവം ആഭ്യന്തര മന്ത്രി ഷെഹ്രയാര്‍ ഖാന്‍ അഫ്രീദിയുടെ ശ്രദ്ധയില്‍പ്പെടുകയും പരാതിയെടുക്കാൻ പൊലീസിനോട് നിർദ്ദേശവും നൽകി. തുടർന്ന് മിയാനെയും ഇയാളുടെ സഹായിയായ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അസ്മയുടെ ആരോപണം മിയാൻ നിഷേധിക്കുകയായിരുന്നു.

എന്നാൽ പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ വൈദ്യ പരിശോധനയില്‍ അസ്മയുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കാവശ്യമാ‌യ മാറ്റങ്ങൾ അനിവാര്യമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങൾ വഴി അസ്മയ്ക്കു നേരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Loading...