ഹൈദരാബാദ് : ‘അവന്മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്,’ ചെന്നകേശവുലുവിന്റെ അമ്മയുടെ പ്രതികരണമാണിത്. തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തിയ നാലു പ്രതികളിൽ ഒരാളാണു ചെന്നകേശവുലു. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടാണ്.

സംഭവം നടന്നു നാലു ദിവസം പിന്നിടുമ്പോൾ ഹൈദരാബാദിൽ പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാർ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാർഡുകൾ ഉയർത്തി.‘സഹതാപം വേണ്ട. വേണ്ടതു നീതി’–നാട്ടുകാർ പറയുന്നു. 

വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. പൈശാചിക സംഭവത്തിൽ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തിൽ പ്രസ്താവന നടത്തുന്നത്.

ഇതേസമയം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം തുടങ്ങി. യുവതിയുടെ ശരീരം കത്തിക്കുന്നതിനായി പ്രതികൾ കുപ്പിയിൽ പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിന്റെ ഉടമകൾക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്ന് വിദഗ്ധാഭിപ്രായം തേടുകയാണ് പൊലീസ്. 

എന്നാൽ, ചെറിയ അളവിൽ കുപ്പിയിലും മറ്റും പെട്രോൾ നൽകാൻ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉൽപന്ന വിതരണക്കാരുടെ നിലപാട്.

കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിച്ച മൂന്നു പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കി.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽനിന്ന് കഴിഞ്ഞ 27നു രാത്രിയാണു യുവതിയെ ട്രക്ക് ഡ്രൈവർമാരായ നാലുപേർ ചേർന്നാണു തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു കൊന്നത്. ടോൾ പ്ലാസയിൽനിന്ന് 25 കിലോമീറ്റർ അകലെയാണു പിറ്റേന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Loading...