ഇടുക്കി: കുഞ്ഞനുജത്തിക്ക് ഏറ്റവും പ്രിയപ്പെട്ട കരടിപ്പാവയെ ജൊവാനയുടെ മൃതദേഹത്തിനരികിൽ വച്ചപ്പോൾ മൂത്ത സഹോദരൻ ജോയൽ വിതുമ്പി. പിതാവ് റിജോഷിനൊപ്പം ഒരേ കുഴിയിലായിരുന്നു ജൊവാനയുടെയും അന്ത്യവിശ്രമം. മുംബൈ പൻവേലിലെ ലോഡ്ജിൽ അമ്മ ലിജിയും അമ്മയുടെ സുഹൃത്ത് വസീമും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയ ജൊവാന(2)യുടെ മൃതദേഹം പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ ഗ്രാമം വിതുമ്പി. 

വീട്ടുകാരും നാട്ടുകാരും ‘കുഞ്ഞൂസ്’ എന്നു വിളിക്കുന്ന ജൊവാനയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കരടിപ്പാവ. മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളിൽ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി. പാവയെ കുഞ്ഞനുജത്തിയുടെ ശവകുടീരത്തിൽ വച്ചശേഷമാണു  ജോയൽ കണ്ണീരോടെ പള്ളിയിൽ നിന്നു മടങ്ങിയത്. കരടിപ്പാവയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് മൃതദേഹത്തിനരികിൽ നിന്ന സഹോദരങ്ങളായ ജോയലും ജോഫിറ്റയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു.

ജൊവാനയുടെ മൃതദേഹം ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.  സംസ്കാര ശുശ്രൂഷകൾക്ക് ലത്തീൻ സഭ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു. പുത്തടിയിലെ ഫാം ഹൗസിൽ കൊല്ലപ്പെട്ട പുത്തടി മുല്ലൂർ റിജോഷിന്റെ(31) ഇളയ മകളാണ് ജൊവാന. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം പൊലീസിന് വിഡിയോ സന്ദേശം അയച്ചിരുന്നു. ലിജിയും ജൊവാനയുമായി മുംബൈ പൻവേലിലേക്കു കടക്കുകയായിരുന്നു വസീം.  

ജൊവാനയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വസീമും ലിജിയും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവരെയും പൻവേൽ സെൻട്രൽ പൊലീസ് മുംബൈ ജെജെ ആശുപത്രിയിലേക്കു മാറ്റി. ലിജി നേരത്തേ അപകട നില തരണം ചെയ്തിരുന്നു. വസീമിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് മുംബൈയിൽ തുടരുന്ന കേരളത്തിൽ നിന്നുള്ള അന്വേഷണം സംഘം പറഞ്ഞു.

Loading...