ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ അശുദ്ധ രക്തത്തെ ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകളാണ്‌ ധമനികൾ. ഇതിൽ വീർത്ത്‌, തടിച്ച്‌ ചുരുണ്ട്‌ കാണപ്പെടുന്നതാണ്‌ വെരിക്കോസ്‌ വെയിനുകൾ. ഇത്‌ കൂടുതലായി കാണുന്നത്‌ സ്ത്രീകളിലാണ്‌. ശരീരത്തിന്റെ ഏത്‌ ഭാഗത്തും വെരിക്കോസ്‌ വെയിൻ ഉണ്ടാകാമെങ്കിലും കൂടുതലായി കാണുന്നത്‌ കാലുകളിലാണ്‌. പെയിൽസ്‌ (അർശസ്‌) ഒരു തരം വെരിക്കോസ്‌ വെയിനാണ്‌.

കാലുകളിൽ രണ്ടുതരം വെയിനുകളുണ്ട്‌. ത്വക്കിനോട്‌ അടുത്ത്‌ സ്ഥിതിചെയ്യുന്നവയും, അകത്ത്‌ മസിലിലും പേശികളിലും കാണപ്പെടുന്നവയും. ഇവ രണ്ടിനെയും തമ്മിൽ ത്വക്കിനോട്‌ അടുത്ത്‌ സ്ഥിതിചെയ്യുന്ന വെയിനിന്റെ ശാഖകൾ കൊണ്ട്‌ ബന്ധിച്ചിരിക്കുന്നു. രക്തം ഉപരിതല വെയിനിൽ നിന്ന്‌ ആന്തരിക വെയിനിൽ എത്തുകയും, അവിടെ നിന്ന്‌ വലിയ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയും ചെയ്യുന്നു. രക്തത്തെ താഴെ നിന്ന്‌ മുകളിലേക്ക്‌ എത്തിക്കുന്നതിന്‌ രക്തക്കുഴലിന്‌ അകത്ത്‌ ചെറിയ വാല്‌വുകളുണ്ട്‌. വാൽവുകൾ നന്നായി പ്രവർത്തിക്കാതെ വരുമ്പോൾ രക്തം ഒഴുകാതെ വരികയും വെയിൻ വീർത്ത്‌ തടിച്ച്‌ നീല നിറത്തിലോ പർപ്പിൾ നിറത്തിലോ ആകുകയോ ചെയ്യുന്നു.

അശുദ്ധ രക്തത്തെ കാലുകളിൽ നിന്ന്‌ ഹൃദയത്തിൽ എത്തിക്കുന്നതിന്‌ കാലുകൾ ഗുരുത്വാകർഷണ ബലത്തിന്‌ എതിരായി വേണം പ്രവർത്തിക്കേണ്ടത്‌. മസിലിന്റെ ചുരുങ്ങലും വികസിക്കലുമാണ്‌ രക്തത്തിന്റെ ഒഴുക്ക്‌ സാധ്യമാക്കുന്നത്‌. രക്തം മുകളിലേക്ക്‌ ഒഴുകുമ്പോൾ വാൽവുകൾ തുറക്കുകയും അത്‌ തിരികെ ഒഴുകാതെ വാല്വ്‌ അടയുകയും വേണം.

കാരണങ്ങൾ
പ്രായം കൂടുതൽ, ഗർഭിണിയായിരിക്കുന്ന അവസ്ഥ, സ്ഥിരമായി ദീർഘനേരം നിൽക്കുന്നത്‌, അമിത വണ്ണം, കാലിലെ മുറിവുകൾ തുടങ്ങിയവയാണ്‌ വെരിക്കോസിന്റെ കാരണങ്ങൾ.

ലക്ഷണങ്ങൾ
ആരംഭഘട്ടത്തിൽ തുടയിലേയും കാലുകളിലെയും വെയിനുകൾ തടിച്ച്‌ വീർത്ത്‌ ചുരണ്ട്‌ നില നിറത്തിലോ പർപ്പിൾ നിറത്തിലോ കാണപ്പെടും. അതുകഴിഞ്ഞ്‌ വേദന ആരംഭിക്കും. കാലുകൾക്ക്‌ കഴപ്പ്‌ അനുഭവപ്പെടും.

പുകച്ചിൽ, തുടിപ്പ്‌, മസിലുപിടുത്തം എന്നിവയുണ്ടാക്കുകയും കാലിന്റെ താഴെ ഭാഗത്ത്‌ നീര്‌ വരുകയും ചെയ്യും. കാല്‌ തൂക്കിയിട്ട്‌ ഇരിക്കുകയും കൂടുതൽ നേരം നിൽക്കുകയും ചെയ്യുമ്പോൾ വേദന കൂടുതലാകും. ഒപ്പം ചൊറിച്ചിലും അനുഭവപ്പെടും. ദീർഘനാളായുള്ള വെരിക്കോസ്‌ വെയിനിന്റെ പാർശ്ശ്വഫലമായി കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത്‌ അൾസർ ഉണ്ടാകും. ഇവ ഉണങ്ങുന്നതിന്‌ കാലതാമസം എടുക്കുകയും ചിലപ്പോൾ വീണ്ടും ഉണ്ടാകുകയും ചെയ്യും.

മറ്റൊരു പാർശ്ശ്വഫലമാണ്‌ ഡീപ്‌ വെയിനിൽ രക്തം കട്ടപിടിച്ച്‌ വെയിനുകളിൽ ഇൻഫ്‌ളമേഷൻ വരുന്നത്‌. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന്‌ ഡോക്ടറെ സമീപിക്കേണ്ടതാണ്‌.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമായി വ്യായാമം ചെയ്യുക, ശരീരഭാരം കൂടാതെ സൂക്ഷിക്കുക, ഹൈഹീൽ ചെരുപ്പുകൾ ഒഴിവാക്കുക, ദീർഘനേരം നിൽക്കുന്നതും കാലുകൾ തൂക്കിയിട്ട്‌ ഇരിക്കുന്നതും ഒഴിവാക്കുക, ഇരിക്കുകയും കിടക്കുകയും ചെയ്യുമ്പോൾ കാലുകൾ പൊക്കിവയ്ക്കുക, ഇറുകിയ വസ്ത്രധാരണം ഒഴിവാക്കുക, കാലിൽ ബാൻഡേജ്‌ കെട്ടുക.

ചികിത്സാരീതി
വെരിക്കോസ്‌ വെയിൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഓപ്പറേഷൻ ചെയ്യേണ്ട ഒന്നാണെങ്കിലും തുടക്കത്തിലേ ഹോമിയോ മരുന്ന്‌ ഉപയോഗിക്കുകയാണെങ്കിൽ നിയന്ത്രണ വിധേമാക്കാവുന്നതാണ്‌.

വെരിക്കോസ്‌ അൾസറിനും ഫലപ്രദമായ ഔഷധങ്ങൾ ഹോമിയോപ്പതി ചികിത്സയിലുണ്ട്‌. ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്ന്‌ ഉപയോഗിക്കുക. ശസ്ത്രക്രിയയാണ്‌ വെരിക്കോസിന്‌ സാധാരണയായി ചെയ്യാറുളളത്‌.

ലേസർ തെറാപ്പി
ലേസർ തെറാപ്പി വെരിക്കോസ്‌ വെയിൻ നശിപ്പിക്കുന്നതിനുളള ഫലപ്രദമായ ഒരു ചികിത്സാരീതിയാണ്‌. എൻഡ്രാവെനസ്‌ ലേസർ തെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി ഉപയോഗിച്ച്‌ വെരിക്കോസ്‌ ധമനികളെ പൂർണ്ണമായും നശിപ്പിച്ചു കളയുകയാണ്‌ ചെയ്യുന്നത്‌. വളരെ ഫലവത്തും വേദനകുറഞ്ഞതുമാണ്‌ ലേസർ ചികിത്സ. ശരീരത്തിലുണ്ടാകുന്ന ഒരു ചെറിയ സുക്ഷിരത്തിലൂടെ അൾട്രാസൗണ്ടിന്റെ സഹായത്തോടെ രോഗം ബാധിച്ച വെരിക്കോസ്‌ വെയിനിലേക്ക്‌ ഒരു ഫൈബർ ട്യൂബ്‌ മുഖേന ലേസർ കടത്തിവിടുന്നു. ലേസർ പ്രവർത്തനക്ഷതമാക്കിയ ശേഷം പതുക്കെ പിൻവലിക്കുന്നു. ഇതിന്റെ തുടർച്ചയായി രക്തക്കുഴൽ ചുരുങ്ങുന്നു. അനസ്തീഷ്യ നൽകിയ ശേഷമാണ്‌ ഇത്‌ ചെയ്യുന്നത്‌. ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ സമയം ഇതിന്‌ എടുത്തേക്കാം.

Loading...