ലിംഗവലിപ്പം വര്‍ധിപ്പിക്കാന്‍ അശാസ്ത്രീയ സംവിധാനങ്ങള്‍ സ്വീകരിക്കുന്ന പാപുവ ന്യൂ ഗിനിയയിലെ പുരുഷന്മാര്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഡോക്ടര്‍മാര്‍. വലിപ്പം വര്‍ധിപ്പിക്കാന്‍ സിലിക്കോണ്‍, കുക്കിങ് ഓയില്‍, വെളിച്ചെണ്ണ, ബേബി ഓയില്‍, തുടങ്ങിയ പദാര്‍ഥങ്ങള്‍ യുവാക്കള്‍ തുടര്‍ച്ചയായി കുത്തിവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ പൊതു അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ലൈംഗിക അവയവത്തിനുണ്ടായ തകരാറുകളെ തുടര്‍ന്ന് അഞ്ഞൂറിലധികം യുവാക്കളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പാപ്പുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറെസ്ബി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയതെന്ന് ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ഇതിലും എത്രയോ മടങ്ങ് ഉണ്ടായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പങ്കുവെയ്ക്കുന്ന ആശങ്ക.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് കേസുകള്‍ ഇത്തരത്തില്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ലൈംഗിക തകരാറുകളോ ലിംഗത്തിന്റെ രൂപത്തില്‍ ഉണ്ടാവുന്ന വ്യത്യാസങ്ങളോ ആണ് മിക്കവരുടേയും പ്രശ്‌നം. യുവാക്കള്‍ മാത്രമല്ല, എല്ലാ പ്രായത്തിലും ഉള്‍പ്പെടുന്ന പുരുഷന്മാര്‍ സമാനമായ പ്രശ്‌നത്തിന് ചികിത്സ തേടി എത്താറുണ്ട്. ഈ രീതി ഒട്ടും ശാസ്ത്രീയമല്ലെന്നും അത്യന്തം അപകടകരമാണെന്നും ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ അകുലേ ഡാന്‍ലോപ് ഗാര്‍ഡിയനോട് വെളിപ്പെടുത്തി.

സ്വയം ചികിത്സ ഇവരില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ലിംഗത്തില്‍ തടിപ്പും ചൊറിച്ചിലുമായാണ്‌ ഇവരില്‍ പലരും ചികിത്സയ്ക്കായ് എത്തുന്നത്. വൃഷണസഞ്ചിയിലെ തടിപ്പ്, ദശവളര്‍ച്ച, തുടങ്ങിയവ ഇതിനോടകം പലരിലും ഗുരുതരമായ അവസ്ഥയിലെത്തിയിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ കാന്‍സര്‍ പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും ഡാന്‍ലോപ് പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിച്ചു വരുന്നതെന്നതിന് കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ലൈംഗിക അനുഭവം വര്‍ധിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ചില പുരുഷന്മാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അശ്ലീലദൃശ്യങ്ങള്‍ കാണുന്നതുമായി ഇതിന് ബന്ധമുണ്ടായേക്കാമെന്നുമാണ് പ്രാഥമിക നിരീക്ഷണം.

Loading...