നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നതിന് അബുദാബിയിൽ അരലക്ഷത്തിലേറെ പേർക്കെതിരെ പൊലീസ് കഴിഞ്ഞവർഷം നടപടിയെടുത്തു. നിയമം തെറ്റിച്ച് റോഡ് മുറിച്ചു കടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. കാൽനട യാത്രക്കാർക്കുള്ള അടിപ്പാതകൾ, നടപ്പാലങ്ങൾ തുടങ്ങിയവ ഉപയോഗിക്കാൻ അബുദാബി പൊലീസ് നിർദേശം നൽകി.

സീബ്രാ ലൈനുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂയെന്നും അധികൃതർ അറിയിച്ചു. 50,595 പേർക്കെതിരെയാണു കഴിഞ്ഞ വർഷം നടപടിയെടുത്തത്. സ്കൂളുകളുടെ സമീപം വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണം. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കിയിരിക്കിരിക്കുന്ന സീബ്രാ ലൈനുകൾക്കു സമീപവും കൃത്യമായി നിർത്തികൊടുക്കണം. ഡ്രൈവർമാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിർദിഷ്ട മേഖലകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവർക്കെതിരെ കർശന നടപടികളെടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയാണു കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി മികച്ച ഏകോപനവും നടത്തുന്നുണ്ട്. ദേശീയ പാത, ഉൾറോഡുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാൽനടക്കാർക്കു സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾ നിർമിച്ചിട്ടുണ്ട്. നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ പ്രവൃത്തി പരമാവധി തടയാനാണു നടപടികൾ സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച ബോധവൽകരണ പരിപാടികൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. കാർഷിക, നിർമാണ, കരാർ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും തൊഴിലാളി മേഖലയിൽ ജീവിക്കുന്നവർക്കും ഇതു സംബന്ധിച്ച ബോധവൽകരണം നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

അബുദാബിയിൽ മഫ്റാഖ് പാലത്തിനുസമീപം നിർദിഷ്ട മേഖലയിൽ അല്ലാതെ റോഡ് മുറിച്ചുകടന്ന ഇന്ത്യക്കാരൻ വാഹനമിടിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ അപകടം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ രാജ്യം വിടാനും ശ്രമം നടത്തി. അപകടസ്ഥലത്തുനിന്നു കടന്ന ഇയാൾ കാർ ഉപേക്ഷിച്ച് വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ വിമാനത്തിൽ കയറുന്നതിനു അരമണിക്കൂറിനു മുൻപ് പൊലീസ് അറസ്റ്റുചെയ്തു. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാൽനടക്കാർ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം റോഡ് മുറിച്ചു കടക്കണമെന്നും പൊലീസ് പറഞ്ഞു.

Loading...