ഒമാനില്‍ പ്രവാസികളടക്കമുള്ളവരുടെ ജീവിത ചെലവ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളായ വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ വില വര്‍ധിച്ചതാണ് കാരണമെന്നു ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പത്തില്‍ പൂജ്യം ദശാംശം ഏഴേഅഞ്ചു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2017നേക്കാള്‍ പൂജ്യം ദശാംശം എട്ടേഎട്ടു ശതമാനമാണ് പണപ്പെരുപ്പ നിരക്കു കൂടിയത്. ഗതാഗത ചെലവ് ഏറെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ ചെലവില്‍ രണ്ടു ശതമാനം വര്‍ധനയുണ്ടായി. താമസം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയില്‍ 0.59 ശതമാനത്തിന്റെയും ചരക്കു വിഭാഗത്തില്‍ 1.42 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി.

അതേസമയം ആരോഗ്യ ചെലവില്‍ ഒരു വര്‍ഷത്തിനിടെ 3.53 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍, വസ്ത്രങ്ങള്‍, ടെലി കമ്മ്യൂണിക്കേഷന്‍, ഫര്‍ണിച്ചര്‍, വീട് അറ്റകുറ്റപ്പണി, പുകയില എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.

സ്വദേശിവത്കരണം കൂടുതല്‍ ശക്തമായതോടെ നിരവധി പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍, അതിനനുസൃതമായി താമസ സ്ഥലങ്ങളുടെ വാടകയിലും വിലയിലും കാര്യമായ കുറവ് വന്നിട്ടില്ല.

Loading...