ആവേശം അവസാന പന്തുവരെ നിറഞ്ഞുനിന്ന ക്രിക്കറ്റ് പോരാട്ടത്തിൽ ആരും ജയിച്ചില്ല, തോറ്റുമില്ല. വിശാഖപട്ടണം ഏകദിനത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യയും വെസ്റ്റ് ഇൻഡീസും അവസാന ഫലത്തിൽ സമനിലയോടെ കൈകൊടുത്തു പിരിഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി സ്വന്തമാക്കിയത് 321 റൺസ്. 322 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ വിൻഡീസിനെ ഏഴു വിക്കറ്റ് വീഴ്ത്തി അതേ സ്കോറിൽ ഒതുക്കിയാണ് ഇന്ത്യ മൽസരം സമനിലയിലാക്കിയത്.

ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിനു വിജയത്തിലേക്ക് 14 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ഷായ് ഹോപ്, ആഷ്‌ലി നഴ്സ്, കെമർ റോച്ച് എന്നിവർക്ക് 13 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ വിജയത്തിലേക്ക് അഞ്ചു റൺസ് എന്ന നിലയിൽ നിൽക്കെ ബൗണ്ടറി കണ്ടെത്തിയ ഷായ് ഹോപ്പാണ് മൽസരം ടൈയിൽ എത്തിച്ചത്. ഹോപ് 134 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 123 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി 129 പന്തിൽ 157 റൺസെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് കളിയിലെ കേമൻ.

രണ്ടാം ഏകദിന സെഞ്ചുറിയുമായി പടനയിച്ച ഷായ് ഹോപ്പിനൊപ്പം തുടർച്ചയായ രണ്ടാം മൽസരത്തിലും തകർത്തടിച്ച് സെഞ്ചുറിക്കരികിലെത്തിയ ഇരുപത്തൊന്നുകാരൻ ഷിമ്രോൺ ഹെറ്റ്മയറിന്റെ പ്രകടനും വിൻഡീസിനു കരുത്തായി. ഹെറ്റ്മയർ 64 പന്തിൽ നാലു ബൗണ്ടറിയും ഏഴു പടുകൂറ്റൻ സിക്സും സഹിതം 94 റൺസെടുത്തു പുറത്തായി. 78 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ വിൻഡീസിന്, നാലാം വിക്കറ്റിൽ ഹെറ്റ്മയർ–ഹോപ് സഖ്യം കൂട്ടിച്ചേർത്ത 143 റൺസാണ് ഇന്ത്യയെ ഒപ്പം പിടിക്കാൻ ഇന്ധനമായത്. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0 ലീഡ് നിലനിർത്തി.

കീറൻ പവൽ (20 പന്തിൽ 18), ചന്ദർപോൾ ഹേംരാജ് (24 പന്തിൽ 32), മർലോൺ സാമുവൽസ് (10 പന്തിൽ 13), റൂവൻ പവൽ (18 പന്തിൽ 18), ജേസൺ ഹോൾഡർ (23 പന്തിൽ 12), ആഷ്‌ലി നഴ്സ് (ഏഴു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു വിൻഡീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Loading...