വെസ്റ്റന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരത്തിലും ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ അടിച്ചെടുത്ത് 10 വിക്കിറ്റിന്റെ വിജയം സ്വന്തമാക്കി. ഇതോടെ രണ്ട് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരെ 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വിന്‍ഡീസ്, 127 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 38 റണ്‍സെടുത്ത സുനില്‍ ആംബ്രിസും 28 റണ്‍സെടുത്ത ഷായ് ഹോപ്പും മാത്രമാണ് പിടിച്ചുനിന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ ഉമേഷ് യാദവാണ് രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസിന്റെ അന്തകനായത്. 12.1 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് ഉമേഷ് നാലു വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ 11 ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.

72 എന്ന വിജയ ലക്ഷ്യത്തിലേക്ക് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും (33*) പൃഥി ഷായും (33*) അനായാസം ബാറ്റ് വീശിയതോടെ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മൂന്നാംദിനം തന്നെ ഉജ്ജ്വല വിജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. മികച്ച പ്രകടനം പുറത്തെടുത്ത പൃഥി ഷായെ മാന്‍ ഓഫ് ദി സീരിസായും തിരഞ്ഞെടുത്തു. 18 കാരനായ ഷായുടെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 367 റൺസിൽ അവസാനിച്ചിരുന്നു. തുടർച്ചയായ മൂന്നാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിത തകർച്ചയിലേക്ക് തള്ളിവിട്ടത്. ഇന്നലെ സെഞ്ച്വറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവർ സെഞ്ചുറി പൂർത്തിയാക്കും മുൻപ് പുറത്തായത് മൂന്നാം ദിനം ഇന്ത്യയ്ക്ക് നിരാശയായി. പന്ത് 92 റൺസെടുത്തും രഹാനെ 80 റൺസെടുത്തും മടങ്ങി.

Loading...