ഭൂരിഭാഗം ആളുകള്‍ക്കുമുള്ള സംശയമാണ് വിദേശത്തു നിന്നും ടിവി കൊണ്ടുവരുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എത്ര രൂപ നികുതിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍. ഇത് സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ തപ്പാം എന്നു വിചാരിച്ചാലോ, ലഭിക്കുന്നതെല്ലാം വ്യത്യസ്ത ഉത്തരങ്ങളായിരിക്കും. മാത്രമല്ല പല വിവരങ്ങളും തെറ്റുമാകാം. കൃത്യമായ അറിവില്ലായ്മ പലപ്പോഴും പല ചൂഷണങ്ങള്‍ക്കും കാരണമായേക്കാം. വിമാനത്താവളത്തിലുള്‍പ്പടെ ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിദേശത്തു നിന്നും ഒരു സാധനം കൊണ്ടുവരുമ്പോള്‍ നമ്മള്‍ ചെയ്തിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും, ആനുകൂല്യങ്ങളെകുറിച്ചും, നിയന്ത്രണങ്ങളെ കുറിച്ചുമെല്ലാം സാമാന്യ വിവരമുണ്ടായിരുന്നാല്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും ഒഴിവാക്കാം.

വിദേശത്തു നിന്നും എല്‍സിഡി, എല്‍ഇഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാകും പ്രവാസികളില്‍ കൂടുതലാളുകളുടെയും സംശയം. അതു കൊണ്ടു തന്നെ വിദേശത്തു നിന്നും ടിവി കൊണ്ടു വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ പരിശോധിക്കാം.

നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഏതു മോഡലിലുള്ള ടിവികളും വിദേശത്തു നിന്നും കൊണ്ടു വരാവുന്നതാണ്. പക്ഷെ ഇവയ്ക്ക് നിശ്ചിതശതമാനം കസ്റ്റംസ് തീരുവ അടയ്ക്കണം.2013 ആഗസ്റ്റ് 26-ന് ശേഷമാണ് എല്ലാ ടിവികള്‍ക്കും നികുതി ബാധകമാക്കിയത്. 36.05 ശതമാനമാണ് നിലവില്‍ ടിവികള്‍ക്ക് നല്‍കേണ്ട നികുതി. 3 ശതമാനം വിദ്യാഭ്യാസ സെസ്സും ഉള്‍പ്പടെയാണിത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നികുതി കണക്കാക്കുന്നത് നിങ്ങളുടെ കയ്യിലുള്ള ടിവിയുടെ ബില്‍ അടിസ്ഥാനമാക്കിയല്ല എന്നതാണ്. ഇന്ത്യന്‍ കസ്റ്റംസ് ഡാറ്റാ ബേസിലുള്ള ഇന്ത്യയിലെ അതിന്റെ വിലയനുസരിച്ചായിരിക്കും നികുതി കണക്കാക്കുക. മാത്രമല്ല അതിന്റെ മോഡല്‍, ബ്രാന്‍ഡ്, ഫീച്ചേര്‍സ് തുടങ്ങിയ കാര്യങ്ങളും നികുതി കണക്കാക്കാന്‍ പരിഗണിക്കും. ഇനി നിങ്ങള്‍ കൊണ്ടു വരുന്നത് ഉപയോഗിച്ച പഴയ ടിവിയാണെങ്കിലാണ് ബില്ലിന്റെ ആവശ്യമുണ്ടാകുക. ഇവിടെ നിങ്ങള്‍ കൊണ്ടു വരുന്നത് പഴയ ടിവിയാണെന്ന് കാണിക്കാന്‍ ഈ ബില്ല് സഹായിക്കും. അങ്ങിനെ വരുമ്പോള്‍ കാലപഴക്കത്തിനനുസരിച്ച് വില കുറയ്ക്കാന്‍ കസ്റ്റംസ് ഓഫീസര്‍ക്ക് സാധിക്കും. ഇതിന് പ്രത്യേക നിയമം ഒന്നുമില്ല, അത് കസ്റ്റംസ് ഓഫീസറുടെ വിവേചനാധികാരങ്ങള്‍ക്കനുസരിച്ചായിരിക്കും തീരുമാനിക്കുക.

പഴയ ടിവികള്‍ക്കുമാത്രമാണ് അടയ്‌ക്കേണ്ട നികുതി കുറയാന്‍ സാധ്യതയുള്ളൂ. മറ്റെല്ലാത്തരത്തിലുള്ള ടിവികള്‍ക്കും നിശ്ചിത ശതമാനം തന്നെ കസ്റ്റംസ് തീരുവ അടയ്ക്കണം. മാത്രമല്ല നിങ്ങള്‍ യാത്രയ്‌ക്കൊപ്പം ടിവി കൊണ്ടു വരുന്ന കാര്യം നേരത്തെ തന്നെ ഡിക്ലയര്‍ ചെയ്തിരിക്കണം. ഡിക്ലറേഷന്‍ ഫോമിലാണ് ഇത് പൂരിപ്പിക്കേണ്ടത്. ഇനി നിങ്ങള്‍ കൊണ്ടു വരുന്നത് 50 ഇഞ്ചിന് മുകളിലുള്ള ടിവിയാണെങ്കില്‍, അത്തരം ലഗ്ഗേജുകള്‍ കൈകാര്യം ചെയ്യാന്‍ എയര്‍ലൈനിന് സൗകര്യമുണ്ടോ എന്ന് അന്വേഷിച്ചിരിക്കണം. ചില എയര്‍ലൈനുകളില്‍ ഈ സൗകര്യമുണ്ടാകില്ല. അതുകൊണ്ടാണ് നേരത്തെ അന്വേഷിക്കണമെന്ന് പറയുന്നത്.

എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍, സാധാരണ ലഗേജുകള്‍ക്കൊപ്പമല്ല ടിവി കൈകാര്യം ചെയ്യുക. ‘ഫ്രാജൈല്‍’ എന്ന് എഴുതി വേറെ കണ്‍വെയര്‍ ബെല്‍റ്റിലാണ് അയയ്ക്കുക. കേടുപാടുകളൊന്നും സംഭവിക്കാതിരിക്കുന്നതിനാണ് ഇത്.

കസ്റ്റംസ് തീരുവയൊക്കെ തീരുമാനിച്ചു, ഇനി ഇത് എവിടെ അടയ്ക്കണമെന്ന കാര്യത്തിലും ചിലര്‍ക്ക് സംശയമുണ്ടാകും. വിമാനത്താവളങ്ങളിലെ കസ്റ്റംസ് അറൈവല്‍ ഹാളില്‍ അധികാരപ്പെടുത്തിയിട്ടുള്ള ബാങ്ക് കൗണ്ടറുകളിലാണ് ഈ നികുതി അടയ്‌ക്കേണ്ടത്. ഉദാഹരണത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എസ്ബിഐ ബാങ്ക് കൗണ്ടറിലാണ് കസ്റ്റംസ് തീരുവ അടയ്‌ക്കേണ്ടത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇത് അടയ്ക്കാന്‍ സാധിക്കില്ല. വിദേശ കറന്‍സിയോ ഇന്ത്യന്‍ കറന്‍സിയോ ഉപയോഗിച്ച് (25,000 രൂപ വരെ) നികുതി അടയ്ക്കാം.

tv-guide-newspressഇന്ത്യൻ കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള ഈ ലേഖനം എല്ലാ പ്രവാസികൾക്കും ഉപകരപ്രദമായിരിക്കും, അതിനാൽ ഈ ലേഖനം വായനക്കാരുടെ സുഹൃത്തുക്കൾക്കുമായി ഷെയർ ചെയ്യുക.

Reported by: Jaisha TK, Malayalam Newspress

Loading...