യുഎസിൽ കാണാതായ മലയാളി കുടുംബത്തിന്റെ എസ്‌യുവി വെള്ളപ്പൊക്കബാധിത നദിയിൽ മുങ്ങിപ്പോയതായി മാധ്യമങ്ങൾ. കാണാതായ കുടുംബനാഥൻ സന്ദീപിന്റേതിനു സമാനമായ എസ്‌യുവിയാണു മുങ്ങിയതെന്നാണു റിപ്പോർട്ട്. കലിഫോർണിയ ഹൈവേ പട്രോൾ നൽകുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന് ഡോറ ക്രീക്കിനു സമീപത്തുള്ള ഹൈവൈ 101 ലൂടെ കടന്നുപോയിരുന്നു. ക്ലാമത് – റെഡ്‌വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇതിനു സമീപമുള്ള നദിയിലേക്കു കാർ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെന്നാണു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ സന്ദീപിന്റെ വാഹനം തന്നെയാണു മുങ്ങിപ്പോയതെന്നു സ്ഥിരീകരിക്കാൻ യുഎസ് പൊലീസ് തയാറായിട്ടില്ല.

സൂറത്തിൽനിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കഴിഞ്ഞദിവസം യുഎസിൽ കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവർക്കൊപ്പമുണ്ടായിരുന്നു. യുഎസ് സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായതായി കുടുബത്തിനു വിവരം ലഭിച്ചത്. ഒാറിഗണിൽ പോയി തിരിച്ചു വരുകയായിരുന്ന ഇവർ ഒരു സുഹൃത്തിനെ സന്ദർശിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണു കാണാതായത്.

Loading...