ഫിഫ റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ലോക റാങ്കിംഗില്‍ ആദ്യ നൂറില്‍ എത്തി. കഴിഞ്ഞ മാസത്തേതില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ ആദ്യ നൂറിലെത്തിയത്. ഇതിന് മുമ്പ് 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം.

മാര്‍ച്ച് അവസാനം വിദേശ രാജ്യങ്ങളില്‍ നടന്ന കളികളില്‍ രണ്ട് വലിയ വിജയം ഇന്ത്യ നേടി. ഇതാണ് ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ റാങ്കിംഗ് കുതിപ്പിന് കാരണമായത്. കംബോഡിയക്കെതിരായ സൗഹൃദ മത്സരത്തില്‍ 3-2നായിരുന്നു ജയം. ഒരു വ്യാഴവട്ടത്തിന് ശേഷം നേടുന്ന എവേ ജയമാണിത്. മ്യാന്‍മറില്‍ നടന്ന ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിലും ഇന്ത്യയ്ക്ക് വിജയിക്കാനായി.

ഇതും ഇന്ത്യയുടെ നേട്ടത്തിന് അടിത്തറയായി. തൊണ്ണൂറാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ ഗോളാണ് മ്യാന്മറിനെതിരെ ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 64 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ മ്യാന്മാറിനെ തോല്‍പ്പിക്കുന്നത്. ഏറ്റവും പുതിയ റാങ്കിംഗിലും ബ്രസീല്‍ തന്നെയാണ് ഒന്നാമത്. അര്‍ജന്റീനയാണ് ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്.

Loading...