
മദ്യലഹരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ കയറിപിടിച്ച് ഇന്ത്യക്കാരന്. നിര്‍മ്മാണ തൊഴിലാളിയായ 32കാരനാണ് ദുബായില്‍ പിടിയിലായത്. വിദ്യാര്‍ഥിനി മെട്രോ സ്റ്റേഷനിലൂടെ നടക്കുമ്പോഴായിരുന്നു ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചത്. പ്രതിയായ ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതിയില്‍ ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ബര് ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
താന്‍ സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യവേ പെണ്‍കുട്ടിയും ടിക്കറ്റ് നല്കുന്നയാളും തന്നെ സമീപിക്കുകയും ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പരാതി പറയുകയുമായിരുന്നെന്ന് കോടതിയില്‍ പൊലീസ് ഉദ്യോഗസ്ഥന് മൊഴി നല്കി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൊലീസുകാരന് യുവാവിനെ ക്യാബിനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടി ഓഫിസറെ വിവരമറിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പൊലീസ് ഉദ്യോഗസ്ഥന് മൊഴി നല്കി.
പെണ്‍കുട്ടി ഈ സമയത്ത് കരയുകയായിരുന്നെന്നും കരഞ്ഞുകൊണ്ടാണ് തന്നോട് പരാതി പറഞ്ഞതെന്നുമാണ് പൊലീസുകാരന് പറയുന്നത്. പെണ്‍കുട്ടി വല്ലാതെ ഭയന്നിരുന്നു. ഉടന്‍ തന്നെ ടിക്കറ്റ് നല്കുന്ന ജീവനക്കാരനോട് പരാതി പറഞ്ഞു. സംഭവത്തിന് മുന്‍പ് ഒരിക്കല്‍ പോലും ഇയാളെ കണ്ടിട്ടില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
പ്രതി മദ്യലഹരിയിലായിരുന്നെന്നും പെണ്‍കുട്ടി സ്റ്റേഷനിലൂടെ വരുമ്പോള്‍ കയറിപിടിക്കുകയായിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെട്രോ സ്റ്റേഷനിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ മെട്രോ സ്റ്റേഷനില്‍ വലിയ തിരക്കില്ലായിരുന്നു. പ്രതി പെണ്‍കുട്ടിയുടെ സമീപത്തുകൂടെ നടന്നു പോവുകയും ദേഹത്ത് സ്പര്‍ശിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കേസിന് കൂടുതല്‍ ശക്തി പകര്‍ന്നു.
പ്രതിക്കെതിരെ അനുമതിയില്ലാതെ മദ്യപിച്ചതിന് മറ്റൊരു കേസും എടുത്തു. ഈ ഇനത്തില്‍ 2000 ദിര്‍ഹം പിഴ നല്‍കണം. പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഫെബ്രുവരി 13ന് കോടതി വിധി പറയും.