വാഷിങ്ടന്‍: രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ജീവനക്കാരില്‍ ആര്‍ക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബള്‍ക്ക് അറിയിച്ചു.

ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വ്യക്തമാക്കിയത്.സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പല്‍ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. യുകെ, സ്വീഡന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും അവര്‍ വ്യക്തമാക്കി.

ഒരു ലൈബീരിയന്‍ എണ്ണകപ്പലും ഇറാന്‍ പിടിച്ചെടുത്തതായി ബ്രിട്ടന്‍ ആരോപിച്ചു. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.

മേഖലയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി. ഇറാനെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു തെളിയിക്കുന്നതാണു പുതിയ നടപടികളെന്നു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.

ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതെന്നാണു റിപ്പോര്‍ട്ട്. ഇറാന്റെ പൈലറ്റില്ലാ വിമാനം വീഴ്ത്തിയെന്ന് അമേരിക്ക അറിയിക്കുകയും ചെയ്തിരുന്നു.

ഹാര്‍മുസ് കടലിടുക്കിലേക്കു പ്രവേശിക്കുകയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ എച്ച്എസ്എസ് ബോക്‌സറിന് ഭീഷണി ഉയര്‍ത്തിയ ഇറാന്റെ പൈലറ്റില്ലാ വിമാനം വീഴ്ത്തിയെന്നാണു യുഎസ് അറിയിച്ചത്. സമീപകാല ഇറാന്‍ – യുഎസ് സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് യുഎസ് സേനയുടെ നേരിട്ടുള്ള ഇടപെടല്‍. ഇതോടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം മുറുകി. യുഎസ് കപ്പലിന് 914 മീറ്റര്‍ അടുത്തെത്തി കപ്പലിനും നാവികര്‍ക്കും ഭീഷണിയായപ്പോഴാണ് ഇറാന്റെ വിമാനം വീഴ്ത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

എന്നാല്‍, വിമാനം നഷ്ടമായതായി വിശ്വസനീയമായ വിവരമില്ലെന്ന് ഇറാന്റെ ഉന്നത നയതന്ത്ര പ്രതിനിധി മുഹമ്മദ് ജാവദ് സരീഫ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. ഗള്‍ഫ് സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ചയ്ക്കായി യുഎന്‍ സെക്രട്ടറി ജനറലിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ട്രംപിന്റെ അവകാശവാദം അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടിയുമാണെന്ന് ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോല്‍ഫസ് ഷെകര്‍ച്ചി ടെഹ്‌റാനില്‍ പറഞ്ഞു. കഴിഞ്ഞ മാസം യുഎസിന്റെ പൈലറ്റില്ലാ ചാരവിമാനം ഇറാന്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ഇറാനില്‍ ബോംബാക്രമണത്തിന് ട്രംപ് ഉത്തരവിട്ടെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.

Loading...