വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വിമാനത്തിനായി കഴിഞ്ഞ നാലരവര്‍ഷമായി തെരച്ചിലുകള്‍ നടക്കുന്നു. ഗൂഗിള്‍ മാപ്പും സാറ്റ്ലൈറ്റ് ഇമേജുകളും സൂക്ഷ്മമായി നിരീക്ഷിച്ചു എവിടെയെങ്കിലും എംഎച്ച് 370 വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഗവേഷകര്‍.

കംബോഡിയയിലെ കൊടും കാട്ടില്‍ കാണുന്ന വസ്തു മലേഷ്യന്‍ വിമാനമാണെന്നാണ് ചില വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. കംബോഡിയന്‍ കാടിന്റെ സാറ്റലൈറ്റ് ഇമേജില്‍ കണ്ടെത്തിയത് മലേഷ്യന്‍ വിമാനമാണെന്ന വാദവുമായി സാറ്റ്ലാറ്റ് മാപ്പ് നിരീക്ഷകര്‍ ഡാനിയല്‍ ബോയര്‍ രംഗത്തെത്തി.

സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നിരീക്ഷിച്ച ബോയര്‍ പറഞ്ഞത് ആയിരം ശതമാനം ഉറപ്പുണ്ട്, അത് മലേഷ്യന്‍ വിമാനമാണെന്നാണ്. നിരവധി പേര്‍ നേരത്തെയും ഗൂഗിള്‍ മാപ്പ്, സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും തെളിയിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ ബോയറിന്റെ പുതിയ കണ്ടെത്തല്‍ പ്രകാരം വിമാനത്തിന്റെ പിന്‍ഭാഗത്തെ നിറങ്ങള്‍ വരെ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ വിചിത്ര കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് കാടിന്റെ ഏതു ഭാഗത്താണെന്ന് കൃത്യമായി കണ്ടെത്താന്‍ ബോയറിനും കഴിഞ്ഞിട്ടില്ല. സാറ്റ്ലൈറ്റ് ചിത്രത്തില്‍ കണ്ട സ്ഥലം അന്വേഷിക്കാന്‍ വിദഗ്ധ സംഘം തന്നെ സജ്ജമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അന്വേഷണം തുടങ്ങി എന്നാണ് അറിയുന്നത്. കൊടും കാടിനുള്ളിലെ ലക്ഷ്യ സ്ഥലം കണ്ടെത്താനായി ഡ്രോണ്‍ വഴി വിഡിയോ എടുക്കുന്നുണ്ട്. ഇതുവഴി സാറ്റ്ലൈറ്റ് ചിത്രത്തില്‍ കണ്ടെത്തിയത് വിമാനമാനോ എന്ന് മനസ്സിലാക്കാനാകും.

വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടില്‍ വിമാനം കണ്ടെത്തിയെന്നാണ് ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലി വാദിച്ചിരുന്നത്. അന്നും സാറ്റ്ലൈറ്റ് ചിത്രം സഹിതമാണ് ജോണ്‍ തന്റെ വാദവുമായി രംഗത്തെത്തിയിരുന്നത്.

വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് മലേഷ്യന്‍ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്ലൈറ്റ് ചിത്രം പകര്‍ത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തുന്നവര്‍ പറയുന്നത്.

കംബോഡിയന്‍ കൊടും കാട്ടില്‍ മലേഷ്യന്‍ വിമാനം കണ്ടെത്തിയ വാദവുമായി രംഗത്തെത്തിയ മറ്റൊരു വ്യക്തി ബ്രിട്ടിഷ് വിഡിയോ നിര്‍മാതാവ് ഇയാന്‍ വില്‍സനാണ്. 2014 മെയില്‍ ചിത്രീകരിച്ച സാറ്റ്ലൈറ്റ് ചിത്രത്തിലാണ് വിമാനം കണ്ടെത്തിയിരിക്കുന്നത്. 2014 മാര്‍ച്ച് 8 നാണ് മലേഷ്യന്‍ വിമാനം കാണാതാകുന്നത്.

Loading...