ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പാതി വഴിയില്‍ അവസാനിപ്പിച്ച് മൊത്തം സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച ഒരു 21-കാരിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഭിഭാഷകയാകണമെന്നായിരുന്നു ഗ്രേസ് ബെവര്‍ലിയുടെ ആഗ്രഹം. ഓക്സ്‌ഫോഡില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയതും അതിനുവേണ്ടിയായിരുന്നു.

എന്നാല്‍, സോഷ്യല്‍ മീഡിയയോടുള്ള അടങ്ങാത്ത ഭ്രമം ഗ്രേസിന്റെ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചു. വെറുതെ സോഷ്യല്‍ മീഡിയിയില്‍ നോക്കിയിരുന്ന ജീവിതം നശിപ്പിക്കുകയല്ല ഈ 21-കാരി ചെയ്തത്. മറിച്ച് തന്റെ രൂപസൗകുമാര്യം തുളുമ്പുന്ന ചിത്രങ്ങളും മറ്റുമുപയോഗിച്ച് വ്യായാമ മുറകള്‍ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും ക്ലിപ്പുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും അതിലൂടെ കോടികള്‍ സമ്പാദിക്കുകയുമാണ് ഈ പെണ്‍കുട്ടി.

ഗ്രേസ്്ഫിറ്റ്യുകെ എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രേസ് ബെവര്‍ലി പ്രത്യക്ഷപ്പെടുന്നത്. ഗ്രേസ് മാസത്തില്‍ ഇത്തരം നാല് വീഡിയോകളെങ്കിലും പോസ്റ്റ് ചെയ്യാറുണ്ട്. യു ട്യൂബില്‍ ഗ്രേസിന് 366,000 ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 837,000 ഫോളോവേഴ്സുമുണ്ട്. ഓരോ വീഡിയോയിലൂടെ പതിനായിരക്കണക്കിന് പൗണ്ടാണ് ഗ്രേസിന്റെ അക്കൗണ്ടിലെത്തുന്നത്. ഓക്സ്ഫഡിലെ സെന്റ് പീറ്റേഴ്സ് കോളേജില്‍ സംഗീത വിദ്യാര്‍ത്ഥിയാണ് ഗ്രേസ് ഇപ്പോള്‍. അടുത്തവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗ്രേസിന്റെ തീരുമാനം. ബിസിനസ് കണ്‍സള്‍ട്ടന്റായ അച്ഛന്‍ പീറ്ററിന്റെയും വിക്ടോറിയ ആല്‍ബര്‍ട്ട് മ്യൂസിയത്തിലെ ക്യൂറേറ്ററായ അമ്മ വിക്ടോറിയയുടെയും പിന്തുണയും ഗ്രേസിനുണ്ട്.

പത്തുലക്ഷത്തിലേറെപ്പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഒട്ടേറെ ബ്രാന്‍ഡുകളുടെ പ്രചാരക കൂടിയാണ് ഗ്രേസ്. തന്റെ പോസ്റ്റുകള്‍ക്കൊപ്പം ഈ ബ്രാന്‍ഡുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ഗ്രേസിന് വരുമാനം കുമിഞ്ഞുകൂടുകയാണ്. ഇന്‍ഫ്ളുവന്‍സേഴ്സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇതിനകം രണ്ടര ദശലക്ഷം പൗണ്ടോളം സമ്പാദിച്ച സോയെല്ലയെപ്പോലെ വലിയ സോഷ്യല്‍ മീഡിയ താരമാകണമെന്നതാണ് ഗ്രേസിന്റെ ആഗ്രഹം. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സ് കൂടുന്നതനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെയും അളവ് കൂടും. പതിനായിരം ഫോളോവേഴ്സ് ഉണ്ടെങ്കില്‍ ഒരു പോസ്റ്റിന് 100 പൗണ്ടുവീതം സമ്പാദിക്കാം. ഒരുലക്ഷം ഫോളോവേഴ്സുണ്ടെങ്കില്‍ പോസ്റ്റൊന്നിന് 350 പൗണ്ട് വീതം ലഭിക്കും. ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയതാകും പോസ്റ്റുകള്‍.

Loading...