ഹൈദരാബാദ്:  ട്വന്റി20യിൽ യുവരാജ് സിങ് ഇപ്പോഴും രാജാവു തന്നെ! 27 പന്തിൽ 62 റൺസ് അടിച്ചെടുത്ത യുവിയുടെ വെടിക്കെട്ട് ബാറ്റിങിൽ ഐപിഎൽ പത്താം പതിപ്പിന്റെ ആദ്യ മൽസരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു 35 റൺസ് ജയം. സ്കോർ: ഹൈദരാബാദ് – 20ഓവറിൽ നാലു വിക്കറ്റിന് 207 റൺസ്. ബാംഗ്ലൂർ–19.4 ഓവറിൽ 172നു പുറത്ത്.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഷെയ്ൻ വാട്സണ് ഒരു സന്തോഷമേയുണ്ടായുള്ളൂ. രണ്ടാം ഓവറിൽ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ 14 റൺസുമായി മടങ്ങി. പിന്നെയങ്ങോട്ട് കളി ബാംഗ്ലൂരിനു സ്വന്തം. ശിഖർ ധവാനും (40) മോയ്സസ് ഹെൻറിക്വെസും (52) ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. ടീമിനെ പത്ത് ഓവറിൽ നൂറിനടുത്ത് എത്തിച്ചതിനു ശേഷമാണ് ധവാൻ മടങ്ങിയത്– 31 പന്തിൽ അഞ്ചു ഫോർ. വന്നപാടെ അടിച്ചു തകർത്ത യുവരാജ് സിങ് റൺറേറ്റ് ഉയർത്തി. 16–ാം ഓവറിൽ ഹെൻറിക്വെസ് മടങ്ങിയതിനു ശേഷം ദീപക് ഹൂഡയായിരുന്നു (16) യുവിക്കു കൂട്ട്. യുവി പോയതിനു ശേഷം ബെൻ കട്ടിങിന്റെ വെടിക്കെട്ടിൽ (ആറു പന്തിൽ 16) ഹൈദരാബാദ് ഇരട്ടശതകം പിന്നിടുകയും ചെയ്തു.

മറുപടി ബാറ്റിങിൽ ബാംഗ്ലൂരിന്റെ തുടക്കം മികച്ചതായിരുന്നു. ക്രിസ് ഗെയ്‌ലും (32) മൻദീപ് സിങും (24) അടിച്ചു കളിച്ചപ്പോൾ ആറോവറിൽ അവർ 50 കടന്നു. എന്നാൽ ഐപിഎലിൽ കളിച്ച ആദ്യ അഫ്ഗാൻ താരമായ റാഷിദ് ഖാൻ എറിഞ്ഞ നാലാം പന്തിൽ തന്നെ മൻദീപിനെ മടക്കി ബാംഗ്ലൂരിന്റെ തകർച്ചയ്ക്കു തുടക്കമിട്ടു. റാഷിദിനു പുറമെ ആശിഷ് നെഹ്റ, ഭുവനേശ്വർ കുമാർ, എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Loading...