ഇറാനുമേല്‍ അമേരിക്കയുടെ ഉപരോധത്തിന്റെ ആദ്യഘട്ടം നിലവില്‍ വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുരാജ്യങ്ങളാമായുള്ള അനുനയ ചര്‍ച്ച അടുത്തെങ്ങും സാധ്യമാകുമെന്നും തോന്നുന്നില്ല. സാമ്പത്തികമായി ഇറാനെ ഏറെ തകര്‍ക്കുന്ന രീതിയിലാണ് നിലവില്‍ അമേരിക്കയുടെ നടപടികള്‍ നീങ്ങുന്നത്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ കാര്യമായി തന്നെ ഇറാന്‍ ശ്രമിക്കുന്നുമുണ്ട്.

ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായ എണ്ണ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ഉപരോധം കൊണ്ടുവരുകയാണ് അമേരിക്കയുടെ അടുത്ത ശ്രമം. ഇത് സൗദിയുള്‍പ്പടെയുള്ള അമേരിക്കന്‍ സൗഹൃദരാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തെയും വില്‍പ്പനയെയും വലിയ തോതില്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ അമേരിക്കയുടെ ലക്ഷ്യം തങ്ങളുടെ സ്വന്തം ‘ഷെല്ലെണ്ണ’യുടെ വ്യാപനമല്ലെയെന്നും ഈ സാഹചര്യത്തില്‍ ചിന്തിക്കേണ്ടി വരും.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറാന്‍ ഏകപക്ഷീയമായി അമേരിക്കയെടുത്ത തീരുമാനമായിരുന്നു ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമെന്ന് പറയാം. 2015ലാണ് ഇറാനുമായി അമേരിക്കയുള്‍പ്പടെ ആറ് വന്‍ ശക്തി രാജ്യങ്ങള്‍ ആണവകരാറില്‍ ഒപ്പുവെച്ചത്. കരാറിനെ ലോക രാജ്യങ്ങളടക്കം പ്രശംസിച്ചിരുന്നു. ഏറെ കാലമായി നിലനിന്നിരുന്ന യുദ്ധഭീക്ഷണി പശ്ചിമേഷ്യയെ വിട്ടുപോകാനും കാരണം ഈ കരാറ് തന്നെയായിരുന്നു. അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ നേട്ടമെന്നായിരുന്നു കരാറിനെ പലരും വിശേഷിപ്പിച്ചത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തുകയും ഇറാനുമായി കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തത് ആണവ കരാറിന് ഭീഷണിയായി. അധികം വൈകാതെ കരാറില്‍ നിന്ന് പിന്‍വാങ്ങിയതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെയാണ് ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപവും ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ആണവ നിരായുധീകരണം നടപ്പാക്കുക, മധ്യപൂര്‍വേഷ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നല്‍കി വരുന്ന തീവ്രവാദ പിന്തുണ അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക തുടങ്ങി ഒരു നിരവധി ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ നീക്കം. രണ്ട് ഘട്ടമായായാണ് ഉപരോധങ്ങള്‍, ആദ്യഘട്ടം 90 ദിവസവും രണ്ടാം ഘട്ടം 180 ദിവസവുമാണ്. മെയ് എട്ടിനാണ് ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. 90 ദിവസത്തെ സമയമാണ് യുഎസ് ഇറാന് നല്‍കിയത്. ഓഗസ്റ്റ് ആറിന് 90 ദിവസം പൂര്‍ത്തിയായപ്പോള്‍ ഓഗസ്റ്റ് ഏഴിന് ഉപരോധം നിലവില്‍ വന്നു.

ആദ്യഘട്ടത്തിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുഎസ് ഡോളര്‍ വാങ്ങുന്നതിനും സ്വര്‍ണവും ലോഹവും വിപണനം നടത്തുന്നതിനും ഇതോടെ ഇറാന് സാധിക്കില്ല. രണ്ടാം ഘട്ടം ആരംഭിക്കുന്നത് നവംബര്‍ അഞ്ചിനാണ്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളായിരിക്കും രണ്ടാംഘട്ടത്തില്‍ നിലവില്‍ വരിക. ഇത് ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ പോലുള്ള മറ്റു രാജ്യങ്ങളെയും ബാധിക്കും. ഇന്ത്യ ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇറാന്.

ട്രംപ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ‘വിന്‍ഡ് ഡൗണ്‍സ്’, അല്ലെങ്കില്‍ ഗ്രേസ് പീരീഡ് എന്നത് അമേരിക്കന്‍ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഇറാനുമായുള്ള ബിസിനസുകള്‍ അവസാനിപ്പിക്കാനും ഇറാനില്‍നിന്ന് തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുമുള്ള സമയമായിട്ടാണ് അല്‍-ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. ജിഇ, ഹണിവെല്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളാണ് ഇറാനില്‍ പ്രധാനമായും നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍, ഡാനിഷ് ഷിപ്പിങ് കമ്പനി മയേഴ്സ്‌ക്ക് തുടങ്ങിയ കമ്പനികള്‍ 2015ന് ശേഷമാണ് ഇറാനില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഈ കമ്പനികള്‍ക്ക് അമേരിക്കയിലും സാന്നിദ്ധ്യമുണ്ട് എന്നതിനാല്‍ യുഎസ് ഉപരോധം നിലവില്‍ വന്നതിനാല്‍ ഈ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇറാനിലുള്ള വ്യവസായങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും.

പതറാതെ നിലപാടുകളില്‍ ഉറച്ച് ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പുകള്‍ക്കിടയിലും ഇറാന്‍ പതറാതെ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു തന്നെ നില്‍ക്കുന്നത് നമ്മള്‍ കണ്ടു. മാത്രമല്ല ശക്തമായ ഭാക്ഷയില്‍ തന്നെയാണ് ഇറാന്‍ അമേരിക്കയ്‌ക്കെതിരെ തുറന്നടിച്ചത്. ‘സിംഹവുമായി കളിക്കരുത്.., പിന്നീട് ദുഃഖിക്കേണ്ടി വരും. ഇറാനുമായി യുദ്ധം ചെയ്യുകയെന്നത് ലോകത്തെ മറ്റെല്ലാ യുദ്ധങ്ങള്‍ക്കുമുള്ള തുടക്കമായിരിക്കും’, ഇതായിരുന്നു ഹസന്‍ റുഹാനി ട്രംപിന് നല്‍കിയ മുന്നറിയിപ്പ്. ഇതിന് മറുപടിയായി ‘അമേരിക്കയെ ഭീഷണിപ്പെടുത്തിയാണ് ഇറാനെ പൂര്‍ണമായും ഇല്ലാതാക്കു’മെന്നായിരുന്നു ട്രംപ് പറഞ്ഞത്.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഇറാന്‍ നേതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഏതുസമയത്തും ഉപാധികളൊന്നുമില്ലാതെ അവരെ കാണാന്‍ തയ്യാറാണെന്നറിയിച്ച് ട്രംപ് രംഗത്തെത്തിയത് എല്ലാവരെയുമൊന്ന് ചിന്തിപ്പിച്ചു. എന്നാല്‍ ഇതില്‍ നിന്ന്് ഇറാന്‍ പിന്മാറുകയായിരുന്നു. 2015ല്‍ തങ്ങള്‍ ഉണ്ടാക്കിയ ആണവകരാര്‍ അതെപടി നിലനിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചയ്ക്ക് മാത്രമെ ഇറാന് താല്‍പ്പര്യമുള്ളൂ. അമേരിക്കയുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെങ്കിലും കീഴ്‌പ്പെടാനില്ല എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഇറാന്‍. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു ഭരണകൂടവുമായും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് ഒരു വിദേശ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹസന്‍ റുഹാനി പറഞ്ഞത്.

അമേരിക്കയുമായി ഏറ്റുമുട്ടിയാല്‍, പിടിച്ചുനില്‍ക്കാനാവശ്യമായ സാമ്പത്തിക-സൈനീക ശക്തി തങ്ങള്‍ക്കില്ലെന്ന് ഇറാന് നല്ലവണ്ണം അറിയാം. എന്നിട്ടും അമേരിക്കയെ തങ്ങള്‍ക്ക് ഭയമില്ലെന്ന് ഇറാന്‍ പറയുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ലോകത്തിലെ പെട്രോളിയത്തിന്റെ നല്ലൊരുഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കാണ് ഇക്കാര്യത്തില്‍ ഇറാന്റെ മുഖ്യതുറുപ്പ് ചീട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാഖ്, ലെബനന്‍, യെമന്‍ എന്നീ അറബ് രാജ്യങ്ങളിലുള്ള ഇറാന്‍ അനുകൂല ശക്തികളെ അമേരിക്കയ്ക്കും ആ മേഖലയിലെ യുഎസ് അനുകൂലികള്‍ക്കുമെതിരെ ഉപയോഗിക്കാമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന് തടസമുണ്ടാക്കാന്‍ ഇറാന്‍ വിചാരിച്ചാല്‍ കഴിയും. പക്ഷെ ഇതിന്റെ പ്രത്യാഘാതമനുഭവിക്കേണ്ടി വരിക ലോകം മുഴുവനുമായിരിക്കും. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് നിലയ്ക്കുന്ന സാഹചര്യം വരെ ഇതിലൂടെ ഉണ്ടാകാം. അമേരിക്കന്‍ ഉപരോധം എല്ലാവിധത്തിലും തങ്ങളെ വരിഞ്ഞുമുറുക്കുന്നതോടെ അതില്‍നിന്നു രക്ഷപ്പെടാനുളള തന്ത്രമെന്നനിലയില്‍ ഇറാന്‍ ഹോര്‍മൂസ് ആക്രമിക്കാന്‍ തുനിഞ്ഞേക്കുമെന്ന് കരുതുന്നവരുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അമേരിക്ക ഇറാനെ ആക്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാന് ലഭിക്കുന്ന പിന്തുണ

അമേരിക്കയ്ക്ക് തിരിച്ചടി നല്‍കികൊണ്ടാണ് പലരും ഇറാനെ പിന്തുണച്ച് രംഗത്തെത്തിയത്. അതുകൊണ്ടുതന്നെ ഇറാനെതിരേ ട്രംപ് പ്രഖ്യാപിച്ച ഉപരോധം പഴയതുപോലെ ഫലിക്കില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര പിന്തുണ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഉപരോധം ഫലവത്താവുക. മുന്‍ ഉപരോധകാലത്ത് ഇറാനു അനുകൂലമായി ഒരു രാഷ്ട്രവും രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ഉപരോധവുമായി സഹകരിക്കാന്‍ ലോക രാഷ്ട്രങ്ങളെയും അമേരിക്ക ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇറാനുമായി വ്യാണിജ്യബന്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങളൊന്നും അമേരിക്കയുമായി വ്യാപാരം ചെയ്യില്ലെന്ന് ട്രംപ് തറപ്പിച്ച് പറയുന്നു. യൂറോപ്യന്‍ യൂണിയന്റെയുള്‍പ്പടെയുള്ള നിലപാടിനെയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യംവെയ്ക്കുന്നതെന്ന് മനസിലാക്കാവുന്നതാണ്. ലോകസമാധാനമാണ് തനിക്കാവശ്യമെന്നും അതില്‍ കുറഞ്ഞതൊന്നും തനിക്ക് വേണ്ടെന്നുമാണ് ട്രംപ് തന്റെ ട്വിറ്ററില്‍ കുറിച്ചത്.

ആണവകരാറുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഇറാന്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ടെന്നും കരാറില്‍ നിന്നുള്ള അമേരിക്കയുടെ ഏകപക്ഷീയമായ പിന്‍മാറ്റം ശരിയല്ലെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആഹ്വാനമാണ് ഇയു വിദേശ നയവിഭാഗം അധ്യക്ഷ ഫ്രെഡെറിക്ക മെഗെറിനി നടത്തിയത്.
മാത്രമല്ല ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന യൂറോപ്പിലെ കമ്പനികള്‍ തങ്ങളുടെ ഇടപാടുകള്‍ തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിയമപരമായ എല്ലാ ഇടപാടുകളും തുടരും. അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തില്‍ പങ്കാളാകില്ലെന്നും യൂറോപ്പിലെ നേതാക്കള്‍ അറിയിച്ചു. യൂണിയന്റെ എല്ലാ സഹായവും കമ്പനികള്‍ക്കുണ്ടാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ എല്ലാ നീക്കങ്ങള്‍ക്കും കൂടെ നിന്നിരുന്ന യൂറോപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ശക്തമായ തിരിച്ചടിയാണ് അമേരിക്കയ്ക്ക് നല്‍കിയത്.

ചൈന, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണവ കരാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ഉപരോധം ശരിയല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു രാജ്യത്തിനെതിരേ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ പക്ഷം. ഉപരോധത്തിനെതിരായ നിലപാടുമായി ഇറാഖും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ചിരവൈരികളായ സൗദി അറേബ്യയും ഇസ്രായേലും ഉപരോധത്തിന് അനുകൂലമായി പരസ്യമായി തന്നെയായിരുന്നു രംഗത്തുവന്നത്.

ലോകം ഇന്ന് വരെ കാണാത്ത തരത്തിലുള്ള ഉപരോധമായിരിക്കും അമേരിക്ക ഇറാന് മേല്‍ സ്വീകരിക്കുകയെന്ന നിലപാടില്‍ തന്നെ ട്രംപ് ഉറച്ചു നില്‍ക്കുകയാണ്. തോറ്റ് അടിയറവു പറയാന്‍ തങ്ങളില്ലെന്ന നിലപാടില്‍ ഇറാനും. ഈ സാഹചര്യത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമോയെന്ന ഭീതിയാണ് കനക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കുന്ന മറ്റു രാജ്യങ്ങളും ഇരു ചേരിയിലും നിലയുറപ്പിക്കും. അത് മറ്റൊരു ലോകമഹായുദ്ധത്തിനു വരെ കാരണമായേക്കാം.

Reported by: Jaisha TK, Malayalam Newspress

Loading...