പാര്‍ലമെന്റില്‍ അടിവസ്ത്രം ഉയര്‍ത്തികാട്ടി വനിത എംപിയുടെ വ്യത്യസ്ത പ്രതിഷേധം. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനായിരുന്നു എംപിയുടെ വേറിട്ട പ്രതിഷേധം. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി ഭാഗം മുന്നോട്ട് വച്ച വാദങ്ങള്‍ക്കെതിരെയായിരുന്നു അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ വനിതാ എം പി റൂത്ത് കോപ്പിംഗര്‍ രംഗത്തെത്തിയത്.

ലേസ് നിര്‍മിതമായ അടിവസ്ത്രവുമായി പാര്‍ലമെന്റിലെത്തിയ റൂത്ത് ഏതാനും ദിവസം മുന്‍പ് അയര്‍ലന്‍ഡ് കോടതിയില്‍ എടുത്ത ഒരു വിധിയോടുള്ള രൂക്ഷപ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ പ്രകോപനം ആയതെന്ന വാദി ഭാഗത്തിന്റെ വാദം അംഗീകരിച്ച് കേസില്‍ പ്രതിയെ വെറുതെ വിട്ടിരുന്നു. പെണ്‍കുട്ടിയുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്നും അതിനെ പീഡനമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന നെറ്റ് നിര്‍മിതമായിരുന്ന അടിവസ്ത്രമായിരുന്നു കേസില്‍ പെണ്‍കുട്ടിക്ക് എതിരായി വന്ന പ്രധാന തെളിവ്.

ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു. അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട് എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം നിസാരമാണെന്നും റൂത്ത് പറഞ്ഞു.

Loading...