ന്യൂഡൽഹി: ജമ്മു കശ്മീര്‍ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ജമ്മു കശ്മീർ സാധാരണനിലയിലായിരുന്നു. വിനോദസഞ്ചാരമേഖലയ്ക്ക് വളർച്ചയുണ്ടായിരുന്നു. എന്നാൽ മോദിയുടെ നയങ്ങൾ ദുരന്തവും പരാജയവുമാണ്. പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്ന് അദ്ദേഹത്തിനറിയില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

കശ്മീർ വിഷയത്തിൽ മൻമോഹൻ സിങ്ങിനെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിരന്തരം വേട്ടയായിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആരോപിച്ചു. കശ്മീരിലെ അസ്വസ്ഥത വര്‍ധിച്ചത് അവിടുത്തെ വിനോദസഞ്ചാരത്തെ ബാധിച്ചു. മൻമോഹന്റെ സമയത്ത് കശ്മീരിലേക്ക് വിദേശ, ഇന്ത്യൻ സഞ്ചാരികളുടെ വരവിൽ വൻ വർധനവുണ്ടായിരുന്നു. ഇന്ന് അവിടെ വിനോദസഞ്ചാരമേ ഇല്ലെന്നും ആനന്ദ് ശർമ പറഞ്ഞു.

കശ്മീരിൽ അക്രമം വ്യാപിപ്പിക്കാൻ വിഘടനവാദികൾക്ക് പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ ഫണ്ട് നൽകുന്നുണ്ടെന്ന റിപ്പോർട്ടുകളി‍ൽ വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങൾ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് ടോം വടക്കൻ പറഞ്ഞു.

ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിൽനിന്നു ജമ്മു കശ്മീരിലെ ജനങ്ങളെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമേ സാധിക്കൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടിരുന്നു. മൻമോഹൻ സിങ്ങിനു പാക്കിസ്ഥാൻ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അതിനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിൽ കശ്മീരിന്റെ പേരിലുള്ള സംഘർഷം അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഈ ദുരിതം കശ്മീരിലെ ജനങ്ങൾക്കു പേറേണ്ടിവരുമായിരുന്നില്ല. എന്നാൽ, അതിനുള്ള ധൈര്യവും മൻമോഹന് ഇല്ലാതെ പോയെന്നും മെഹബൂബ കുറ്റപ്പെടുത്തിയിരുന്നു.

Loading...