കൊച്ചി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണു കൊച്ചി യഥാർഥ ബ്ലാസ്റ്റേഴ്സിനെ കണ്ടത്; ദക്ഷിണാഫ്രിക്കക്കാരൻ ജോ ബ്രിങ്ക്മാനും സംഘവും ‘ബ്ലാസ്റ്റ്’ ചെയ്തപ്പോൾ കൊച്ചിക്കാർ കയ്യടിച്ചു. സമീപ കെട്ടിടങ്ങൾക്ക് പോറൽ പോലുമേൽക്കാതെ മരടിലെ പാർപ്പിട സമുച്ചയങ്ങൾ തകർന്നു വീണപ്പോൾ അത് ജോയുടെയും സംഘത്തിന്റെയും മികവിന്റെ വിജയമായി. നിയന്ത്രിത സ്ഫോടനങ്ങൾ നടക്കുമ്പോൾ സമീപ കെട്ടിടങ്ങൾക്ക് എന്തു സംഭവിക്കുമെന്ന കേരളത്തിന്റെ ആശങ്ക കൂടിയാണ് അവർ പൊളിച്ചടുക്കിയത്. 

4 പാർപ്പിട സമുച്ചയങ്ങളിൽ മൂന്നും തകർത്തത് മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്ങാണ്. ഇവരുടെ വിദേശ പങ്കാളിയായിരുന്നു ദക്ഷിണാഫ്രിക്കൻ കമ്പനി ജെറ്റ് ഡിമോളിഷൻ. ജെറ്റ് ഡിമോളിഷന്റെ എംഡി ജോ ബ്രിങ്ക്മാനുൾപ്പെടെ 12 പേരാണു ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയത്. കൃത്യമായ ആസൂത്രണത്തോടെ, വരച്ചിട്ട പോലെയാണ് ഓരോ കെട്ടിടവും ഈ സംഘം തകർത്തത്.

സ്ഫോടനം നടത്താനായി നിശ്ചയിച്ച ദിവസത്തിനും 2 ദിവസം മുൻപു തന്നെ എല്ലാ പ്രവർത്തനങ്ങളും എഡിഫസ്– ജെറ്റ് ഡിമോളിഷൻ ടീം പൂർത്തിയാക്കിയിരുന്നു. എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ ആദ്യ സ്ഫോടനവും, ഗോൾഡൻ കായലോരത്തെ അവസാന സ്ഫോടനവും അൽപം വൈകിയതു പോലും സുരക്ഷാ കാരണങ്ങൾ കൊണ്ടു മാത്രം. 

ഈ മികവിനെ കുറിച്ചു ചോദിച്ചപ്പോൾ ജോ ബ്രിങ്ക്മാൻ: ‘28 വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്നു. പലതരത്തിലുള്ള നൂറു കണക്കിനു കെട്ടിടങ്ങൾ തകർത്തിട്ടുണ്ട്. എല്ലാ കെട്ടിടങ്ങളും ഓരോതരത്തിൽ വെല്ലുവിളിയാണ്. പൂർണ സുരക്ഷിതമായി കെട്ടിടങ്ങൾ വീഴ്ത്തുന്നതിനാണ് എപ്പോഴും മുൻഗണന’.

ജെറ്റ് ഡിമോളിഷൻ സേഫ്റ്റി ഓഫിസർ മാർട്ടിനസ് ബോച്ച, സീനിയർ സൈറ്റ് മാനേജർ കെവിൻ സ്മിത്, എഡിഫസ് എൻജിനീയറിങ് പാർട്നർ ഉത്കർഷ് മേത്ത, സീനിയർ പ്രോജക്ട് മാനേജർ മയൂർ മേത്ത തുടങ്ങിയവരും മുഴുവൻ സമയവും പ്രവർത്തിച്ചതും ഈ പൊളിക്കൽ പിഴവുകളില്ലാത്തതാക്കാൻ.  പൊളിഞ്ഞു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നു പ്രണയ കുടീരത്തിലേക്കാണ് ഇനി ജോ ബ്രിങ്ക്മാന്റെ യാത്ര. ബ്രിങ്ക്മാനും ഭാര്യ ലിസ്സിനും ഇന്ത്യയിൽ വന്നപ്പോൾ മുതലുള്ള ആഗ്രഹമാണ് താജ്മഹൽ കാണണമെന്നുള്ളത്. 

ആ ഫ്ലാറ്റുകളിൽ‌ താമസിച്ചിരുന്ന ഓരോരുത്തരുടെയും വിഷമം മനസ്സിലാക്കുന്നുണ്ട്. പക്ഷേ, ഇതു ഞങ്ങളുടെ ജോലിയാണ്. അതു മികച്ച രീതിയിൽ ചെയ്യാനായതിൽ സംതൃപ്തിയുണ്ട്. ഗോൾഡൻ കായലോരം പൊളിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നാലു മീറ്റർ മാത്രമായിരുന്നു അങ്കണവാടിയുമായുള്ള അകലം. അവിടേക്ക് കെട്ടിടം വീഴാതിരിക്കാനായി പ്രത്യേക രീതിയിലാണു സ്ഫോടനം ആസൂത്രണം ചെയ്തത്. ഏറ്റവും മികച്ച രീതിയിൽ വീണത് ജെയിൻ കോറൽ കോവ് ആയിരുന്നു.

Loading...