റിലയൻസ് ജിയോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം ഈ ആഴ്ച പുറത്തിറങ്ങും. സെപ്റ്റംബർ 5ന് ഇന്ത്യയിലുടനീളം പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ 1,600 ന​ഗരങ്ങളിൽ ആദ്യ ദിവസം മുതൽ ജിയോ ലഭ്യമാകും. ജിയോ നിരവധി നഗരങ്ങളിൽ സേവനത്തിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രതിമാസം 700 രൂപ മുതൽ 10,000 രൂപ വരെ ഉയരുന്നു.കേബിൾ ടിവി സബ്സ്ക്രിപ്ഷൻ പദ്ധതിയുടെ ഭാഗമാകില്ലെന്ന് ഒരു റിലയൻസ് ജിയോ ഉദ്യോഗസ്ഥർ ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ ബ്രോഡ്‌ബാൻഡ് പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേബിൾ ഫൈബർ വഴിയോ ഡിടിഎച്ച് സേവനം നേടുന്നതിലൂടെയോ ടിവി സേവനങ്ങൾ ലഭിക്കുന്നതിന് ജിയോ വരിക്കാർ പ്രത്യേകം പണം നൽകേണ്ടി വരും. കഴിഞ്ഞ മാസത്തെ എജി‌എമ്മിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചതുപോലെ, ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രമുഖ പ്രീമിയം ഓവർ ദ ടോപ്പ് (ഒടിടി) ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകളുമായി സംയോജിപ്പിക്കും.

2018 ഓഗസ്റ്റ് 15 മുതൽ, ജിയോ ഇന്ത്യയിലുടനീളം രജിസ്ട്രേഷനുകൾ ക്ഷണിച്ചിരുന്നു. ഉയർന്ന താത്പര്യം പ്രകടിപ്പിച്ച പ്രദേശങ്ങളിലാകും ആദ്യം ജിയോ ഫൈബർ മുൻഗണന നൽകുക. 1,600 ഓളം ന​ഗരങ്ങളിൽ നിന്ന് ജിയോയ്ക്ക് ഇതുവരെ 15 മില്യണിലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. ജിയോ ഫൈബർ സേവനത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് അവരുടെ വിലാസം നൽകി വെബ്‌സൈറ്റിൽ താൽപ്പര്യം പ്രകടിപ്പിക്കാൻ കഴിയും.

പ്രാരംഭ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റലേഷൻ ചാർജുകൾ ഈടാക്കില്ലെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ തുടക്കത്തിൽ എല്ലാ ഉപഭോക്താക്കൾക്കും കോംപ്ലിമെന്ററി ജിയോ ഫൈബർ ഇൻസ്റ്റാളേഷനും കണക്ഷനും ലഭിക്കുന്നതാണ്. എന്നാൽ റീഫണ്ട് ചെയ്യാൻ സാധിക്കുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ടി വരും. ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് ഒരു ലാൻഡ്‌ലൈൻ ഫോൺ സൗജന്യമായി ലഭിക്കും.

ജിയോ സെറ്റ്-ടോപ്പ് ബോക്സിന് അതിന്റെ എൽ‌സി‌ഒ പങ്കാളികളിൽ നിന്ന് പ്രക്ഷേപണ കേബിൾ ടിവി സിഗ്നലുകൾ സ്വീകരിക്കാൻ കഴിയും. “ജിയോ-ഫോറെവർ പ്ലാനുകൾ” എന്ന് വിളിക്കുന്ന വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് എച്ച്ഡി (ഹൈ ഡെഫനിഷൻ) അല്ലെങ്കിൽ 4 കെ എൽഇഡി ടെലിവിഷനും 4 കെ സെറ്റ്-ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും.

Loading...